സ്‌നേഹാദരവുമായി ജില്ലാ പഞ്ചായത്ത്
ഗോപിദാസ് ഇനി ബിരുദപഠന അംബാസിഡർ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഗോപിദാസിനെ അനുമോദിക്കുന്നു
അമ്പലപ്പുഴ
ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ മികച്ച വിജയം നേടിയ ഏറ്റവും പ്രായം കൂടിയ പഠിതാവ് ഗോപിദാസിന് (80) ജില്ലാ പഞ്ചായത്തിന്റെ സ്നേഹാദരവ്. പ്രസിഡന്റ് കെ ജി രാജേശ്വരി ഗോപിദാസിനെ വീട്ടിലെത്തി അനുമോദിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് താന്നിപ്പള്ളിച്ചിറ വീട്ടിൽ ഗോപിദാസ് സംസ്ഥാന തലത്തിൽ തന്നെ തുടർവിദ്യാഭ്യാസത്തിലെ പ്രായം കൂടിയ പഠിതാവാണ്. ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷൻ വഴി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി ചേർന്ന് നടത്തുന്ന ബിരുദ പഠനത്തിന്റെ അംബാസിഡറായി ഗോപിദാസിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു. ജില്ലയിലെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ച പഠിതാക്കൾക്കാണ് ജില്ലാ പഞ്ചായത്ത് ബിരുദ പഠന സൗകര്യം ഒരുക്കുന്നത്. അഞ്ചാം ക്ലാസിൽ പഠനം മുടങ്ങിയ ഗോപിദാസ് സാക്ഷരതാമിഷൻ വഴിയാണ് ഏഴാം ക്ലാസും പത്താം ക്ലാസും വിജയിച്ചത്. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു തുല്യതാപഠനം. ഗോപിദാസിന്റെ വിജയം മറ്റുള്ളവർക്ക് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുല്യതാകോഴ്സിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ജില്ലയിലെ മുഴുവൻ പേരെയും പത്താംതരം തുല്യത വിജയിപ്പിക്കുന്നതിന് പാഠം ഒന്ന് ആലപ്പുഴ എന്ന പദ്ധതി നടപ്പിലാക്കുന്നു. ഈ വർഷം ആയിരത്തോളം പേരാണ് പത്താംതരം തുല്യതാ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ രാകേഷ്, സജിത സതീശൻ, വൈസ് പ്രസിഡന്റ് എ പി സരിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാബാബു, ആർ റിയാസ്, പഞ്ചായത്ത് അംഗങ്ങളായ ടി ഒ കവിത, രജിത്ത് രാമചന്ദ്രൻ, സാക്ഷരതാമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ കെ വി രതീഷ്, അസി. കോ–ഓർഡിനേറ്റർ എസ് ലേഖ, സാക്ഷരതാ പ്രേരക് വി ടി മാജ എന്നിവർ പങ്കെടുത്തു.









0 comments