കേന്ദ്രം പിടിച്ച 6166 കോടി രൂപ 
തിരിച്ചനുവദിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 04, 2025, 02:35 AM | 1 min read

സ്വന്തം ലേഖകൻ

ന്യൂഡൽഹി

കേന്ദ്രസർക്കാർ കേരളത്തോട്‌ കാട്ടുന്ന സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനത്തിനുണ്ടായ 6166 കോടി രൂപയുടെ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട്‌ ആവശ്യപ്പെട്ടു. അധിക കടമെടുപ്പ്‌ അനുമതിയിലൂടെ ലഭിച്ച തുക വെട്ടിക്കുറച്ചപ്പോൾ നഷ്ടമായ 1877.57 കോടി രൂപ, ഗ്യാരണ്ടി റിഡംപ്‌ഷൻ ഫണ്ടിന്റെ പേരിൽ വെട്ടിക്കുറച്ച 3323 കോടി രൂപ, ഐജിഎസ്‌ടി നഷ്ടം നികത്താനായി പിടിച്ച 965.11 കോടി രൂപ എന്നിവയിലാണ്‌ ബാലഗോപാൽ കേന്ദ്രഇടപെടൽ തേടിയത്‌. അനുഭാവപൂർവം പരിഗണിക്കാമെന്ന്‌ കേന്ദ്രമന്ത്രി ഉറപ്പുനൽകി. സംസ്ഥാന ആഭ്യന്തര ഉൽപ്പാദന കണക്കുകളിലെ (ജിഎസ്‌ഡിപി) മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ 2023–-24ൽ 1877.57 കോടി രൂപ അധികമായി കടമെടുക്കാൻ കേന്ദ്രം കേരളത്തെ അനുവദിച്ചിരുന്നു. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ജിഎസ്‌ഡിപി കണക്കുകളിൽ വന്ന തിരുത്തലുകളുടെ പേരിൽ അധികമായി കടമെടുത്ത തുക 2024–-25 വർഷത്തെ കടമെടുപ്പ്‌ പരിധിയിൽനിന്ന്‌ കേന്ദ്രം വെട്ടിക്കുറച്ചു. നടപടി തിരുത്തി 2025–-26ലേക്ക്‌ വീണ്ടും തുക അനുവദിക്കണമെന്ന്‌ ബാലഗോപാൽ ആവശ്യപ്പെട്ടു. ഗ്യാരണ്ടി റിഡംപ്‌ഷൻ ഫണ്ടിൽ (ജിആർഎഫ്‌) പുതിയതായി കൊണ്ടുവന്ന മാനദണ്ഡങ്ങളുടെ പേരിൽ കേരളത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ നിന്ന്‌ 3323 കോടി രൂപ കുറച്ചു. സംസ്ഥാനം നിലവിൽ ജിആർഎഫിന്‌ രൂപംനൽകുന്ന പ്രക്രിയയിലാണ്‌. നടപ്പുവർഷംതന്നെ വിജ്‌ഞാപനം പുറപ്പെടുവിക്കും. ഇത്‌ പരിഗണിച്ച്‌, പിടിച്ച 3323 കോടി രൂപ തിരിച്ച്‌ അനുവദിക്കണം. ഐജിഎസ്‌ടി തീർപ്പാക്കൽ വിഷയത്തിൽ കേരളമടക്കം പല സംസ്ഥാനങ്ങൾക്കും ഭിന്നാഭിപ്രായമുണ്ട്‌. ഐജിഎസ്‌ടി നഷ്ടം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരേപോലെ പിടിക്കുന്നത്‌ ഉചിതമല്ല. കേരളത്തിൽനിന്ന്‌ 965.16 കോടി രൂപയാണ്‌ പിടിച്ചത്‌. ഐജിഎസ്‌ടി വിഷയം പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയും സംസ്ഥാനങ്ങളിൽ ഒരേ രൂപത്തിൽ പണം തിരിച്ചുപിടിക്കുന്നതിനോട്‌ വിയോജിച്ചിരുന്നു. ഐജിഎസ്‌ടി തീർപ്പാക്കൽ അപാകതകൾ പരിഹരിക്കുകയും കേരളത്തിൽനിന്ന്‌ പിടിച്ച തുക തിരിച്ചനുവദിക്കുകയും വേണമെന്നും- ബാലഗോപാൽ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home