രക്ഷകരായി ഫിഷറീസ് റെസ്ക്യൂ സേന
24 മണിക്കൂറിനിടെ കരകയറ്റിയത് 27 ജീവൻ

ആറാട്ടുപുഴ പടിഞ്ഞാറ് എൻജിൻ തകരാറിലായി കടലിൽ ഒഴുകിയ ‘ഹരേ രാമാ’ ബോട്ട് ഫിഷറീസ് റെസ്ക്യു സേന കെട്ടിവലിച്ച് തീരത്തെത്തിക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 04, 2025, 01:41 AM | 1 min read
ആലപ്പുഴ
യന്ത്രത്തകരാറിനെത്തുടർന്ന് കടലിൽ ഒഴുകിനടന്ന രണ്ട് ബോട്ട് തീരത്തെത്തിച്ച് 24 മണിക്കൂറിനിടെ ഫിഷറീസ് രക്ഷാസേന കാത്തത് 27 ജീവൻ. ആലപ്പുഴ സ്വദേശികളുടെ ഹരേരാമ-ാ–രണ്ട്, സികെഎഫ് ബോട്ടുകളിലെ 20 തൊഴിലാളികളെയും കൊല്ലം നീണ്ടകര സ്വദേശിയുടെ മരിയ അന്നൈ ബോട്ടിലെ ഏഴ് തൊഴിലാളികളെയുമാണ് പ്രക്ഷുബ്ധമായ കടലിനോടും കാറ്റിനോടും പൊരുതി രണ്ട് ദിവസം നീണ്ട പരിശ്രമത്തിലൂടെ രക്ഷിച്ച് തീരത്തെത്തിച്ചത്. അപകട സന്ദേശമെത്തിയതുമുതൽ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉഷാറായി. ആറാട്ടുപുഴ എൻടിപിസിയുടെ പടിഞ്ഞാറ് ‘ഹരേ രാമാ’ ബോട്ട് എൻജിൻ തകരാറിലായതായി വിവരംലഭിക്കുന്നത് ശനി രാവിലെ 7.30നാണ്. രക്ഷാപ്രവർത്തനം വൈകിട്ട് അഞ്ചിന് പൂർത്തിയായി. ആലപ്പാട് പടിഞ്ഞാറ് സികെഎഫ് ബോട്ടിന്റെ പ്രൊപ്പല്ലറിൽ വലചുറ്റി പ്രവർത്തനംനിലച്ചു. വൈകിട്ട് 6.50ന് തുടങ്ങിയ രക്ഷപ്രവർത്തനം ഞായർ പുലർച്ചെ നാലിന് പൂർത്തിയായി. കായംകുളം ഹാർബറിൽനിന്ന് പുറപ്പെട്ട രക്ഷാബോട്ട് തകരാറിലായ രണ്ടുബോട്ടും കെട്ടിവലിച്ച് എത്തിച്ചു. തൃക്കുന്നപ്പുഴ തീരത്തുനിന്ന് പടിഞ്ഞാറുമാറി ഏഴ് തൊഴിലാളികളുമായി മീൻപിടിക്കുകയായിരുന്ന മരിയ അന്നൈ ബോട്ട് വെള്ളംകയറി മുങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം ആരംഭിച്ചു. ശരിയായ ദിശ മനസിലാക്കി തെരച്ചിൽ തുടർന്നു. ശനി രാവിലെ ഏഴോടെ എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി തിരികെയെത്തിച്ചു. വെള്ളംവറ്റിച്ച് ബോട്ടുയർത്താൻ ശ്രമിച്ചെങ്കിലും മുക്കാൽഭാഗവും മുങ്ങിയതോടെ ഉപേക്ഷിച്ചു. ഫിഷറീസ് എഡിഎഫ് മിലി ഗോപിനാഥ്, എഎഫ്ഇഒ ഡോ. എസ് സാജൻ, മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡുമാരായ എസ് ആദർശ്, എസ് ഹരികുമാർ, രാഹുൽ കൃഷ്ണൻ എന്നിവർ രക്ഷപ്രവർത്തനം ഏകോപിപ്പിച്ചു. ലൈഫ് ഗാർഡുമാരായ ഔസേപ്പച്ചൻ, സ്രാങ്ക് അംജേഷ്, ഡ്രൈവർ രഘു, ലൈഫ് ഗാർഡുമാരായ ജിന്റോ, ജോസഫ് എന്നിവർ പങ്കാളികളായി.









0 comments