ചെങ്ങന്നൂരിൽ വ്യാപകനാശം

മഴയിലും കാറ്റിലും മരം വീണ് തകർന്ന ചെറിയനാട് ചെറുവല്ലൂർ ഗവ. ജെബി സ‍്കൂൾ മേൽക്കൂര
ചെങ്ങന്നൂർ
വ്യാഴം ഉച്ചയ്‌ക്കുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വെൺമണി, ചെറിയനാട് പഞ്ചായത്തുകളിൽ വൻ നാശനഷ്‌ടം. മരങ്ങൾ കടപുഴകി വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. വെൺമണി–- കൊല്ലകടവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. വെൺമണി കല്യാത്ര ദേവീക്ഷേത്രത്തിന്റെ ഓടുകൾ കാറ്റിൽ പറന്നു. പാലമൂട്ടിൽ അനിയന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ അമ്പത് മീറ്ററിലേറെ പറന്ന് കല്യാത്ര–- കൊല്ലകടവ് റോഡിൽ വീണു. റോഡിൽ 500 മീറ്ററോളം ഭാഗത്ത് ഇരുവശങ്ങളിലുമുള്ള വലിയ മരങ്ങൾ കടപുഴകി മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. വരമ്പൂർ, ആശ്രമപ്പടി ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. കുഴിയിലേത്ത് ഉഷസ്സിൽ മറിയാമ്മ ചാക്കോയുടെ പത്തോളം ജാതിമരങ്ങൾ കടപുഴകി. വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു. കമുക്, കുലവാഴകൾ, ആഞ്ഞിലി, തേക്ക് എന്നിവ കടപുഴകി. മഴയിലും കാറ്റിലും ചെറിയനാട് ചെറുവല്ലൂർ ഗവ. ജെബി സ്‌കൂളിന് സമീപത്തെ തേക്ക്, മാവ് ഉൾപ്പെടെയുള്ള മരങ്ങൾ വീണ് ഓട് പാകിയ മേൽക്കൂരയും ഉപകരണങ്ങളും തകർന്നു. കൊല്ലകടവിൽ ഷീദ് മൻസിൽ സൈനുലാബ്‌ദീൻ, കരിക്കുംവിളയിൽ നസീമ എന്നിവരുടെ വീടുകളുടെ മേൽക്കൂര പറന്നുപോയി. താഴാംവിള തെക്കേതിൽ ഷംനയുടെ വീട് പൂർണമായി തകർന്നു. കൊല്ലകടവ് ജങ്ഷനിലെ രണ്ട് വ്യാപാരസ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ പറന്നുപോയി. ചെങ്ങന്നൂർ നഗരത്തിൽ മുൻസിഫ് കോടതി കെട്ടിടത്തിന്റെ പിറകുഭാഗത്ത് മരം കടപുഴകി മേൽക്കൂര തകർന്നു. വാഴാർമംഗലം മോഴിയാട്ട് അനീഷ് കുമാറിന്റെ വീടിനു മുകളിലേക്ക് സമീപത്തെ മരം വീണു. വൈദ്യുതി പോസ്റ്റുകളും തകർന്നു. ക്രിസ്‌ത്യൻ കോളേജിന് പിറകിൽ കല്ലുഴം റോഡിൽ മരം വൈദ്യുതി ലൈനിന്റെ മുകളിലേക്ക് വീണു. ഇടനാട് മൂലൂർ കോളനി റോഡിൽ പോസ്റ്റ് ഒടിഞ്ഞുവീണു. മുളക്കുഴ പൊയ്കമുക്കിൽ മാവ് വീണ് വൈദ്യുതിലൈൻ തകർന്നു. നഗരസഭ 17–-ാംവാർഡിൽ ചെറിയാൻ മെമ്മോറിയൽ ആശുപത്രി ട്രാൻസ്‌ഫോർമറിന് സമീപം മരം വീണ് പോസ്റ്റ് ഒടിഞ്ഞു. അങ്ങാടിക്കൽ മുണ്ടുചിറ റോഡിൽ വൈദ്യുതി ലൈനിൽ മരം വീണു. എം സി റോഡിൽ ഹാച്ചറി ജങ്ഷനിൽ വൈദ്യുതി ലൈനിൽ മരവും ഐടിഐ ജങ്ഷന് സമീപം പരസ്യബോർഡും വീണ് ഗതാഗതം തടസപ്പെട്ടു. ഇടനാട് പാലത്തിന് സമീപം റോഡിൽ രണ്ട് പോസ്റ്റ് ഒടിഞ്ഞുവീണു. മുളക്കുഴ വലിയപറമ്പിൽ, കിടങ്ങിൽ തുണ്ടിൽ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീ ധർമശാസ്‌താ ക്ഷേത്രത്തിന് സമീപത്തെ ആൽമരത്തിന്റെ ശിഖരങ്ങൾ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിന് മുകളിലേക്ക് ഒടിഞ്ഞുവീണു. ഇരമല്ലിക്കര പ്രാവിൻകൂട് റോഡിൽ ഗതാഗതം തടസപ്പെട്ടു.









0 comments