പാർടി വിട്ടത് മാവേലിക്കര മണ്ഡലം ഭാരവാഹികൾ
ബിജെപിയിൽ പൊട്ടിത്തെറി; കൂട്ടരാജി


സ്വന്തം ലേഖകൻ
Published on Aug 11, 2025, 01:51 AM | 1 min read
മാവേലിക്കര
ബിജെപിയുടെ മാവേലിക്കര ഘടകത്തിൽ നാളുകളായി തുടർന്നുവരുന്ന ആഭ്യന്തരകലഹത്തിനൊടുവിൽ മാവേലിക്കര മണ്ഡലം പ്രസിഡന്റ് വിനീത് ചന്ദ്രനടക്കം പ്രമുഖ നേതാക്കൾ രാജിവച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനീത് ഇക്കാര്യം പരസ്യമാക്കിയത്. തൊട്ടുപിന്നാലെ മണ്ഡലം സെക്രട്ടറി സ്‌മിത വിശ്വനാഥ് ട്രഷറർ ഹരീഷ് ബെന്നി എന്നിവരും തങ്ങളുടെ സ്ഥാനങ്ങൾ രാജിവയ്‌ക്കുന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. നഗരസഭയിലെ ബിജെപി കൗൺസിലർ ഗോപൻ സർഗ തന്റെ ഫേസ്ബുക്കിൽ "കള്ളന്റെ കൈയിൽ താക്കോൽ’ എന്ന് പോസ്‌റ്റിട്ടതും ബിജെപിയിലെ ആഭ്യന്തരകലഹം രൂക്ഷമായതിന് തെളിവായി. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കെ വി അരുൺ പ്രസിഡന്റായി ചുമതലയേറ്റെന്ന് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്‌പതിയുടെ ഫെയ്സ്ബുക്ക് പോസ്‌റ്റ് വന്നതിന് തൊട്ടുപിന്നാലെയാണ് വിനീത് ചന്ദ്രൻ തന്റെ രാജി പ്രഖ്യാപിച്ചത്. 14 പേരടങ്ങിയ മണ്ഡലം കമ്മിറ്റിയിൽനിന്ന് മൂന്നുപേരാണ് രാജിവച്ചത്. ഏറെക്കാലമായി സംസ്ഥാനത്തൊട്ടാകെ ബിജെപിയിൽ നടക്കുന്ന രൂക്ഷമായ കലഹങ്ങളുടെയും പൊട്ടിത്തെറികളുടെയും തുടർച്ചയാണ് മാവേലിക്കരയിലും കാണുന്നത്.









0 comments