ചെങ്ങന്നൂർ നഗരസഭയിലെ അഴിമതി, ക്രമക്കേട്
തൊട്ടതിലെല്ലാം വെട്ടിപ്പ്; യുഡിഎഫ് നേതാക്കൾക്കെതിരെ വിജിലൻസ്

ചെങ്ങന്നൂര്‍
ചെങ്ങന്നൂർ നഗരസഭയില്‍ അഴിമതിയും ക്രമക്കേടുകളും നടത്തിയ യുഡിഎഫ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലന്‍സ് കേസെടുത്തു. പൊതുപ്രവര്‍ത്തകൻ ചെങ്ങന്നൂർ ളാകശേരി വേങ്ങൂർ രമേശ് ബാബു സര്‍ക്കാരില്‍ നൽകിയ പരാതിയെത്തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്തി ജില്ലാ വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. നഗരസഭയില്‍ ദീര്‍ഘകാലം കൗണ്‍സിലറും നഗരസഭാ ചെയര്‍മാനുമായിരുന്ന കേരള കോൺഗ്രസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് രാജന്‍ കണ്ണാട്ട്, മകന്‍ മാത്യു കെ തോമസ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. നഗരസഭയുടെ ചെങ്ങന്നൂര്‍ ശാസ്‌താംപുറം ഷോപ്പിങ് കോംപ്ലക്‌സിലെ 8, 9, 10, 17, 18, 19 നമ്പര്‍ കടമുറികളുടെ ലൈസന്‍സ് രാജന്‍ കണ്ണാട്ട് മകൻ മാത്യു കെ തോമസിന്റെ പേരിലേക്ക് അനധികൃതമായി മാറ്റംചെയ്‌ത് നല്‍കിയതായാണ് പരാതി. ലൈസന്‍സ് മാറ്റംചെയ്യാൻ തീരുമാനമെടുത്ത കൗൺസിൽ യോഗത്തിൽ രാജന്‍ കണ്ണാട്ട് അധ്യക്ഷനായിരുന്നു. കടമുറികളില്‍ അനുമതിയില്ലാതെ അനധികൃതമായി പരിഷ്‌കരിച്ചു. മുറികളില്‍ കോണ്‍ക്രീറ്റ് ഭിത്തികെട്ടി തിരിച്ചു. ആനുപാതികമായ വാടക ഈടാക്കിയതുമില്ല തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്‌പി പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു. നഗരസഭയിലെ യുഡിഎഫിന്റെ 16 അംഗങ്ങളും അന്വേഷണപരിധിയിൽ വരുമെന്നും റീജണല്‍ പെര്‍ഫോര്‍മെന്‍സ് ഓഡിറ്ററുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലിൽ വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടുമെന്നും രമേശ് ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർവത്ര ക്രമക്കേട്
നഗരസഭാ ഓഫീസിന് കിഴക്കുവശത്തെ ചുറ്റുമതില്‍ നിയമവിരുദ്ധമായി പൊളിച്ചു. അന്നത്തെ നഗരസഭാ ചെയര്‍മാനും നിലവിൽ കൗൺസിലറുമായ കെ ഷിബുരാജന്‍ ഇതിന് ഒത്താശചെയ്‌തു. ശാസ്‌താംപുറം മാര്‍ക്കറ്റിലെ വ്യാപാരസമുച്ചയത്തിലെ മൂന്ന് കടമുറികളില്‍ നഗരസഭയുടെ അനുമതിയില്ലാതെ അനധികൃത നിര്‍മാണം നടത്തി. അന്നത്തെ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് കൗണ്‍സില്‍ യോഗത്തിന്റെ മിനിട്ട്‌സ് തിരുത്തി. സാമ്പത്തിക നഷ്‌ടവുമുണ്ടായി. ആറാം വാര്‍ഡിൽ അഗതിമന്ദിരം നടത്താൻ പത്രപരസ്യം നല്‍കി അപേക്ഷ സ്വീകരിക്കാതെ അടൂര്‍ കേന്ദ്രമായ സ്വകാര്യ ഏജന്‍സിക്ക് സൗജന്യമായി നല്‍കി. ശാസ്‌താംപുറം മാര്‍ക്കറ്റ് സമുച്ചയത്തിലെ രണ്ട് കടമുറികള്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കച്ചവടം നടത്തുകയും കീഴ് വാടകയ്‌ക്ക് നല്‍കുകയുംചെയ്‌തു. മാര്‍ക്കറ്റിലുള്ള വ്യാപാരസമുച്ചയത്തിലെ കടമുറി നഗരസഭയുടെ അനുമതി കൂടാതെ രൂപഭേദം വരുത്തി കീഴ്‌വാടകയ്‌ക്ക് കൊടുത്തു. കരാര്‍ പുനഃപരിശോധിക്കണമെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി കൗണ്‍സില്‍ തീരുമാനം എടുത്തു. നഗരസഭ ബസ് സ്‌റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫീസായി ഡെപ്പോസിറ്റും കരാര്‍ വ്യവസ്ഥകളുമില്ലാതെ നല്‍കി 4,37,285 രൂപ നഗരസഭയ്‌ക്ക് നഷ്‌ടംവരുത്തി.









0 comments