പ്രത്യേക കാമ്പയിനുമായി കുടുംബശ്രീ
15,000 സ്‌ത്രീകൾക്ക് തൊഴിൽ

കുടുംബശ്രീ.
ഗോകുൽ ഗോപി
Published on Jul 28, 2025, 02:18 AM | 1 min read
ആലപ്പുഴ
ഓണസമ്മാനമായി ജില്ലയിൽ 15,000 സ്‌ത്രീകൾക്ക് തൊഴിൽ നൽകാൻ പ്രത്യേക കാമ്പയിനുമായി കുടുംബശ്രീ. വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായാണിത്. തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയും അതുവഴി സ്‌ത്രീകൾക്ക് സുസ്ഥിര വരുമാനവും സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ഓണത്തിന് ഒരുലക്ഷം തൊഴിൽ’ കാമ്പയിനിലാണ് പദ്ധതി. കുടുംബശ്രീ ഒരുക്കിയ തൊഴിൽമേളകൾ വിജയകരമായിരുന്നു. എന്നാൽ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തെ സ്ഥാപനങ്ങളിൽ ലഭിച്ച ജോലി ബഹുഭൂരിപക്ഷം സ്‌ത്രീകളും ഉപേക്ഷിച്ചു. അതിനാലാണ് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രദേശിക തൊഴിലവസരങ്ങൾ കണ്ടത്തുന്നത്. തൊഴിൽദാതാക്കളെയും ആവശ്യക്കാരെയും ബന്ധിപ്പിക്കുന്ന ചുമതല സിഡിഎസുകൾക്കാണ്. ഓരോ മേഖലയിലെയും തൊഴിലുടമകളെ നേരിട്ടുകണ്ട് തൊഴിലുകൾ പട്ടികപ്പെടുത്തും. തൊഴിലുടമകൾക്ക് നേരിട്ടും രജിസ്റ്റർ ചെയ്യാം. ജോലി ആവശ്യമായവരെ പ്രാദേശികമായി കണ്ടെത്തി കഴിവ്, അഭിരുചി, വിദ്യാഭ്യാസയോഗ്യത എന്നിവയെ അടിസ്ഥാനപ്പെടുത്തി തരംതിരിക്കും. ഇവർക്ക് തൊഴിൽ നേടാൻ ഹ്രസ്വകാല, ദീർഘകാല നൈപുണ്യ പരിശീലനങ്ങൾ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ലഭ്യമാക്കും. പഞ്ചായത്തുകളിൽ തൊഴിൽകേന്ദ്രങ്ങളും നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലും ജോബ് സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പുരുഷന്മാർക്കും പദ്ധതി പ്രയോജനപ്പെടും.









0 comments