കരിങ്ങാലി പുഞ്ചയുടെ തീരത്ത് ഇക്കോ ടൂറിസം പദ്ധതി

പാലമേൽ കരിങ്ങാലി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്ന സ്ഥലം എം എസ് അരുൺകുമാർ എംഎൽഎ, കലക്‌ടർ അലക്‌സ് വർഗീസ് തുടങ്ങിയവർ സന്ദർശിച്ചപ്പോൾ
ചാരുംമൂട്
പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടശനാട് മുക്കത്ത് കരിങ്ങാലി പുഞ്ചയുടെ തീരത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു. 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തിപ്രദേശമായതിനാൽ രണ്ട് ജില്ലയിൽനിന്നുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിക്കായി കരിങ്ങാലി പുഞ്ചയോട് ചേർന്ന് കുടശനാട് ഭാഗത്ത് റവന്യൂവകുപ്പിന്റെ തരിശ് കിടക്കുന്ന മൂന്നരയേക്കർ സ്ഥലം പാട്ടത്തിനെടുക്കും. ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽപ്പെടുത്തി ഡിപിആർ തയ്യാറാക്കി. സംസ്ഥാന സർക്കാരിന്റെയും എംഎൽഎയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടമായി 1.15 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ആരംഭിക്കുക. ഫിഷറീസ്‌വകുപ്പിൽനിന്ന് 65 ലക്ഷം രൂപ അനുവദിക്കും. പദ്ധതി പ്രദേശത്ത് ഹാപ്പിനസ് പാർക്കിനുള്ള സ്ഥലത്ത് മണ്ണിട്ട് ഒന്നര മീറ്റർ ഉയർത്താൻ 50 ലക്ഷം രൂപ പഞ്ചായത്തും നീക്കിവച്ചു. ആദ്യം ഇവിടേക്കുള്ള റോഡ് വീതികൂട്ടി നവീകരിക്കും. ഓപ്പൺ സ്‌റ്റേഷനും നിർമിക്കും. രണ്ടാംഘട്ടത്തിൽ വോളിബോൾ കോർട്ടും നടവഴിയും പക്ഷിനിരീക്ഷണകേന്ദ്രവും ഓപ്പൺ ജിമ്മും പുഞ്ചയിൽ ബോട്ടിങ്ങും വരും. മൂന്നാംഘട്ടത്തിൽ കേബിൾ കാർ ആരംഭിക്കും. എം എസ് അരുൺകുമാർ എംഎൽഎ, കലക്‌ടർ അലക്‌സ് വർഗീസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്, പാലമേൽ പഞ്ചായത്തംഗങ്ങളായ ജെസ്‌റ്റിൻ ജേക്കബ്, വേണു കാവേരി തുടങ്ങിയവർ പദ്ധതിസ്ഥലം സന്ദർശിച്ചു.









0 comments