തളരാത്ത സേവനസന്നദ്ധതയുമായി ആനന്ദരാജൻ; ഹൃദയപൂർവം പദ്ധതിയിൽ നിറസാന്നിധ്യം

ആറാട്ടുപുഴയിൽ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയിൽ വീടുകളിൽ നിന്നുള്ള പൊതിച്ചോറുമായി വരുന്ന ആനന്ദരാജനും സിപിഐ എം ബ്രാഞ്ചംഗം സെയ്നുദ്ദീനും
ഹരിപ്പാട് : അരയ്‌ക്കുതാഴെ സ്വാധീനക്കുറവുള്ളതിനാൽ സഞ്ചാരം വീൽചെയറിലാണെങ്കിലും അതൊന്നും ആനന്ദരാജന് തടസമാകുന്നില്ല. വയറെരിയുന്നവർക്ക് പൊതിച്ചോറെത്തിക്കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതിയിൽ ഭിന്നശേഷിക്കാനായ ആനന്ദരാജൻ നിറസാന്നിധ്യമാണ്. ആറാട്ടുപുഴ പഞ്ചായത്ത് 18–-ാംവാർഡിൽ കുന്നിനാശേരിൽ പുതുവലിൽ ആനന്ദരാജനാണ് (60) വീൽചെയറിൽ വീടുകളിലെത്തി പൊതിച്ചോർ സമാഹരിക്കുന്നത്. എട്ടാംവയസിൽ പോളിയോ വന്നതോടെ അരയ്‌ക്കുതാഴെ തളരുകയും കൈകാലുകൾ ശോഷിക്കുകയുംചെയ്‌തു. അതോടെ രണ്ടാംക്ലാസിൽ പഠനം മുടങ്ങി.
കൂലിപ്പണിക്ക് ആരോഗ്യം അനുകൂലമല്ലാതായെങ്കിലും തോറ്റുകൊടുക്കാൻ തയ്യാറായില്ല. കൊപ്രാപ്പുരയിൽ സഹായിയും കാവൽക്കാരനുമായി. 1988ലെ നായനാർ സർക്കാരിന്റെ കാലത്ത് സമ്പൂർണ സാക്ഷരതായജ്ഞംവഴി വിദ്യാഭ്യാസം നേടി. തുടർന്ന് സിപിഐ എം അംഗമായി രാഷ്‌ട്രീയ പ്രവർത്തനത്തിലും സജീവമായി.
അന്നത്തെ സാമൂഹ്യക്ഷേമമന്ത്രി ഗൗരിയമ്മയ്‌ക്ക് തൊഴിൽസഹായം ചോദിച്ച് കത്തെഴുതി. തുടർന്ന് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ സ്വയംതൊഴിൽ സംരംഭത്തിനായി 5000 രൂപ സഹായം നൽകി. ഈ തുക ഉപയോഗിച്ച് തൊണ്ടും റാട്ടും വാങ്ങി കയർ ഉൽപ്പാദകനായി.
ഒറ്റ റാട്ടിൽ തുടങ്ങിയ കയർപിരി അഞ്ച് റാട്ടിലെത്തിയെങ്കിലും കയർരംഗത്തുണ്ടായ മാന്ദ്യം കടക്കെണിയിലാക്കി.
പിന്നീട് ചെറുവള്ളവും നീട്ടുവലയും സംഘടിപ്പിച്ച് ഉൾനാടൻ മത്സ്യത്തൊഴിലാളിയായി. മീൻപിടിത്തത്തിലെ മിച്ചംകൊണ്ട് കടബാധ്യതകൾ ഏറെക്കുറെ പരിഹരിച്ചു. ദീർഘകാലം ആറാട്ടുപുഴയിലെ ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ ഭരണസമിതി അംഗമായും പ്രവർത്തിച്ചു. ജോലിക്ക് പോകാനാകാതെവന്നപ്പോൾ ജില്ലാ പഞ്ചായത്ത് നൽകിയ ഇലക്‌ട്രിക് സൈക്കിളിലാണ് ഇപ്പോൾ ആനന്ദരാജന്റെ സഞ്ചാരം.









0 comments