ജനകീയം നഗരസഭ
ചേലോടെ ചേർത്തല

ടി പി സുന്ദരേശൻ
Published on Nov 13, 2025, 01:01 AM | 1 min read
ചേർത്തല
കൊച്ചിയുടെ ഉപഗ്രഹനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും അതിവേഗം വികസിക്കുന്നതുമായ ചേർത്തല നഗരത്തിന്റെ മുഖം വികൃതമാക്കുന്നതായിരുന്നു മാലിന്യക്കൂന്പാരം. ജനവാസകേന്ദ്രങ്ങളിലും പാതയോരങ്ങളിലും ഉൾപ്പെടെ ജൈവ–അജൈവ മാലിന്യങ്ങൾ കുന്നുകൂടി അസഹ്യ ദുർഗന്ധപൂരിതമായിരുന്നു നഗരം. ഇൗ ദുരവസ്ഥയ്‌ക്ക് അവസാനംകുറിക്കണമെന്ന ദൃഢനിശ്‌ചയത്തോടെ നഗരസഭ മുന്നിട്ടിറങ്ങി ‘ചേലൊത്ത ചേർത്തല’ ജനകീയ പദ്ധതി നടപ്പാക്കി. ഇതോടെ നഗരത്തിന്റെ മുഖഛായ മാറിമറിഞ്ഞു. വൃത്തിയുള്ള നഗരമായി ചേർത്തലയെ മാറ്റി. 2003 ഒക്‌ടോബർ രണ്ടിന് മന്ത്രി എം ബി രാജേഷ് ചേർത്തലയെ സന്പൂർണ ഖരമാലിന്യമുക്ത നഗരമായി പ്രഖ്യാപിച്ചു. മാലിന്യവാഹിനിയായിരുന്ന എ എസ് കനാൽ വീണ്ടെടുക്കൽ പദ്ധതിയും(സേവ് എ എസ് കനാൽ) പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയാക്കി. കനാൽ കേന്ദ്രീകരിച്ച് ചെറുവള്ളംകളിയും പുതുവത്സരാഘോഷവും ഒരുക്കി. കേന്ദ്രസർക്കാരിന്റെ ഒഡിഎഫ് + ഉൾപ്പെടെ നിരവധി പുരസ്‌കാരം നഗരസഭ സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ഹരിതകർമസേനയ്‌ക്കുള്ള പുരസ്‌കാരവും നേടി. സംസ്ഥാനത്തെ വലിയ കക്കൂസ്‌മാലിന്യ സംസ്‌കരണപ്ലാന്റ്(250 കെഎൽഡി) നഗരസഭ നേതൃത്വത്തിൽ സ്ഥാപിച്ചു. മുഴുവൻ വീടുകളിലും ബയോബിൻ എത്തിക്കുകയും ഹരിതകർമസേനാ സേവന പരിധിയിൽ എത്തിക്കുകയുംചെയ്‌ത സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ 23 ഹെക്‌ടർ കൃഷിയിടമാക്കുകയും ഉൽപ്പാദനം ഗണ്യമായി ഉയർത്തുകയുംചെയ്‌തു. താലൂക്കാശുപത്രിയിലും ഹോമിയോ–ആയൂർവേദ ആശുപത്രികളിലും പശ്‌ചത്താല സൗകര്യം, സേവനം എന്നിവ മെച്ചപ്പെടുത്തുകയും മരുന്ന് ഉറപ്പാക്കുകയുംചെയ്‌തു. ഗൃഹകേന്ദ്രീകൃത പാലിയേറ്റിവ് സേവനം മികവോടെ ലഭ്യമാക്കുന്നു. താലൂക്കാശുപത്രിയിലെ ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തുകയും ദിവസം 27 പേർക്ക് മരുന്ന് ഉൾപ്പെടെ ഡയാലിസിസ് നടത്തുകയുംചെയ്യുന്നു. വയോജനങ്ങൾക്കും വനിതകൾക്കും ക്ഷേമം ഉറപ്പാക്കി. സർക്കാർ ആവിഷ്‌കരിച്ച ഒപ്പം കാന്പയിനിൽ നഗരസഭാ കുടുംബശ്രീ സംസ്ഥാനത്തെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു. സംരംഭകർക്ക് സാന്പത്തിക സഹായം ലഭ്യമാക്കി. കുടുംബശ്രീ നഗരച്ചന്ത സ്ഥാപിച്ചു. വിജ്ഞാനകേരളം പദ്ധതിയിൽ തൊഴിൽമേള വിജയകരമായി സംഘടിപ്പിച്ചു. അമൃത് മിഷൻ പദ്ധതിയിൽ ആദ്യഘട്ടം 5224 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുകയും 480 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാൻ നടപടി തുടങ്ങുകയുംചെയ്‌തു. പശ്‌ചാത്തല വികസനത്തിൽ റോഡ്, കെട്ടിടം, തോട് സംരക്ഷണം, നടപ്പാത തുടങ്ങിയവയ്‌ക്ക് കോടികളുടെ നിർമാണ പദ്ധതി നടപ്പാക്കി.









0 comments