അരങ്ങുവാഴുന്നത്‌ ഡിജിറ്റൽ പ്രചാരണം

Digital Pracharanam
avatar
സ്വന്തം ലേഖകൻ

Published on Nov 21, 2025, 02:08 AM | 1 min read

ആലപ്പുഴ

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിയമേറുന്നു. റീലുകൾ, എഐ പോസ്‌റ്ററുകൾ തുടങ്ങിയവയാണ്‌ ഇക്കുറി അരങ്ങുവാഴുന്നത്‌. സ്ഥാനാർഥി നിർണയം മുതൽ പാർടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചാണ്‌ പ്രചാരണം ആരംഭിച്ചത്‌. പരമാവധി ഒരു മിനിട്ടുവരെ ദൈർഘ്യമുള്ള റീലുകളാണ്‌ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. ഇത്‌ ഫേ-സ്‌ബുക്കിലും ഇൻസ്‌റ്റഗ്രാമിലും തലങ്ങുംവിലങ്ങും നിറഞ്ഞിരിക്കുന്നു. കുറഞ്ഞ സമയത്തിൽ ആശയ അവതരണം, പശ്‌ചാത്തല സംഗീതം, ശബ്‌ദവിന്യാസം തുടങ്ങിയവയാണ്‌ റീലുകളെ പ്രിയങ്കരമാക്കുന്നത്‌. കൂടാതെ ഇത്‌ എളുപ്പത്തിൽ ഷെയർ ചെയ്യുകയുമാവാം. ഞൊടിയിടയിൽ പ്രത്യേക സംവിധാനങ്ങൾ കൊണ്ട്‌ തയാറാക്കുന്ന ആകർഷകമായ എഐ പോസ്‌റ്റർ ഡിസൈനിങ്ങും സജീവമായി. ഇവയോടൊപ്പം പ്രൊഫഷണൽ ഫോട്ടോഷൂട്ടുകൾ, ഡിജിറ്റൽ പെയ്‌ന്റിങ്ങുകൾ എന്നിവയും ധാരാളമായുണ്ട്‌. വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളിലും പ്രചാരണം ശക്‌തം. പുതുതലമുറയിലേക്ക്‌ പ്രചാരണം എത്തിക്കാനാണ്‌ നവമാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നത്‌. ഇതിന്‌ സമാന്തരമായി പരന്പരാഗത പ്രചാരണ മാർഗങ്ങളായ പോസ്‌റ്റർ, അന‍ൗൺസ്‌മെന്റ്‌, ചുവരെഴുത്ത്‌, ഫ്‌ളക്‌സുകൾ തുടങ്ങിയവ ഓഫ്‌ലൈൻ ലോകത്ത്‌ നിറയുകയാണ്‌. സീറ്റ്‌ ധാരണ, സ്ഥാനാർഥി നിർണയം, പ്രഖ്യാപനം തുടങ്ങിയവയിൽ ചിട്ട പുലർത്തിയ എൽഡിഎഫാണ്‌ പ്രചാരണത്തിലും മുന്നിൽ.



deshabhimani section

Related News

View More
0 comments
Sort by

Home