പഞ്ചായത്ത് ഓഫീസിന്റെ മതിൽ പൊളിക്കൽ
സിസിടിവികൾ പരിശോധിച്ചു, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം

പട്ടണക്കാട് പഞ്ചായത്ത് ഓഫീസിന്റെ പിൻഭാഗത്തെ മതിൽ പൊളിച്ചുനീക്കിയ നിലയിൽ (ഫയൽചിത്രം)
പട്ടണക്കാട്
പട്ടണക്കാട് പഞ്ചായത്ത് ഓഫീസിന്റെ പിൻഭാഗത്തെ മതിൽ വ്യക്തിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ സൂപ്പർ മാർക്കറ്റിലും രണ്ട് വീട്ടിലും സ്ഥാപിച്ച സിസിടിവികളിൽനിന്ന് ദൃശ്യങ്ങൾ ശേഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. സംശയിക്കുന്നവർ സംഭവദിവസവും അതിന് മുന്നേയും പിന്നീടും വിളിച്ച ഫോൺകോളുകൾ സൈബർ പൊലീസ് പരിശോധിക്കുന്നുണ്ട്. മതിൽ പൊളിച്ചുനീക്കിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണം. രണ്ട് ദിവസത്തെ അവധിക്കിടെ വാൾ മൗത്ത് സ്ഥാപിച്ച് മതിൽ പുനർനിർമിക്കാൻ ശ്രമം നടക്കുന്ന വിവരമറിഞ്ഞ് പൊലീസ് നിരീക്ഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി വീണ്ടും പരാതി നൽകി. പട്ടണക്കാട് പൊലീസ് നിരീക്ഷണം ശക്തമാക്കി. മതിൽ പൊളിച്ചുനീക്കുന്നതിനെതിരെ പ്രദശേവാസികൾ ചേർത്തല കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കമീഷൻ സ്ഥലത്തെത്തി തെളിവെടുത്തശേഷമാണ് ആദ്യം മതിൽ പൊളിച്ചത്. സമീപവാസി വീണ്ടുംനൽകിയ പരാതിയിൽ കോടതി നിയോഗിച്ച കമീഷൻ സ്ഥലത്തെത്തി വീണ്ടും സ്ഥിതി വിലയിരുത്തി റിപ്പോർട്ട് കോടതിക്ക് കൈമാറി. ചൊവ്വാഴ്‌ച കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് വിവരം. സംഭവം ചർച്ചചെയ്യാൻ തിങ്കളാഴ്‌ച പഞ്ചായത്ത് കമ്മിറ്റി ചേരും. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സമിതി അറിഞ്ഞാണ് കോടതിയെവരെ വെല്ലുവിളിച്ച് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.









0 comments