അടിയന്തരമായി കലുങ്ക് നിർമിക്കും

ദേശീയപാത വികസനം: അയ്യൻകോയിക്കലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കലക്‌ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗം

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കലക്‌ടറുടെ ചേമ്പറിൽ വിളിച്ചുചേർത്ത യോഗം

avatar
സ്വന്തം ലേഖകൻ

Published on Aug 26, 2025, 01:03 AM | 1 min read

അമ്പലപ്പുഴ ​
പുറക്കാട് പഞ്ചായത്തിലെ അയ്യൻകോയിക്കൽ ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഈ ഭാഗത്ത് കലുങ്ക് പുനർ നിർമിക്കാതിരുന്നതിനെ തുടർന്നാണ് വെള്ളക്കെട്ടായത്. ഇതുമൂലം അയ്യൻകോയിക്കൽ ക്ഷേത്രപരിസരവും സമീപത്തെ വീടുകളും വെള്ളക്കെട്ടിലായി. ജനജീവിതം ദുസഹവുമായി. ​ദുരിതം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയോട് എച്ച് സലാം എംഎൽഎ രേഖാമൂലം ആവശ്യപ്പെട്ടു. ഇതോടെ രണ്ടുതവണ കലക്‌ടറേറ്റിൽ യോഗം ചേർന്നു. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാത പ്രോജക്‌ട്‌ ഡയറക്‌ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി അനുമതിക്ക് സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് തിങ്കളാഴ്‌ച വീണ്ടും കലക്‌ടറുടെ ചേമ്പറിൽ യോഗം ചേർന്നത്. വെള്ളക്കെട്ട് ഇല്ലാതാക്കാൻ അടിയന്തരമായി കലുങ്ക് നിർമിക്കാൻ തീരുമാനിച്ചു. കാനനിർമാണംമൂലം പല സ്ഥലങ്ങളിലുമുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ ജലനിർഗമനത്തിന് പൊതുതോടുകൾ ഉപയോഗപ്രദമാക്കണമെന്നും തീരുമാനിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിൽ ദേശീയപാതയ്‌ക്ക്‌ കുറുകെ നിർമിക്കുന്ന കാനയുടെ അപാകത പരിഹരിച്ച് സമീപത്തെ കടകളിലെയും വീടുകളിലെയും വെള്ളക്കെട്ട് നീക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കും. പുറക്കാട് പഞ്ചായത്തിലെ കരൂർ, മാത്തേരി, അമ്പലപ്പുഴ, നീർക്കുന്നം, കുറവൻതോട് എന്നിവിടങ്ങളിൽ താൽക്കാലികമായി പൈപ്പ് സ്ഥാപിച്ച് കുടിവെള്ളവിതരണം സുഗമമാക്കും. ഈ സ്ഥലങ്ങളിൽ ദേശീയപാത ഉദ്യോഗസ്ഥർ, കരാറുകാർ, കമ്പനി പ്രതിനിധികൾ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിൽ സംയുക്ത പരിശോധന നടത്തും. ​കലക്‌ടർ അലക്‌സ്‌ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച് സലാം എംഎൽഎ, പുറക്കാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എസ്‌ സുദർശനൻ, ദേശീയപാത പ്രോജക്‌ട്‌ ഡയറക്‌ടർ ബിപിൻ മധു, കരാർ കമ്പനി മേധാവി സജീഷ്, ആർ ഇ ടി രാജലിംഗം, അസി. എൻജിനിയർ ഡി രവികുമാർ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ ദിലീപ് ഗോപാൽ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഷിനോ മറിയം ജോൺ, എ സുമേഷ്‌കുമാർ, എ യുവരാജ്, ഷിബു ഗോപാലകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home