ഗവ. ടിടിഐ മതിൽ പൊളിച്ചുനീക്കണം
മാവേലിക്കര നഗരസഭാധ്യക്ഷനെ സിപിഐ എം ഉപരോധിച്ചു

മാവേലിക്കര നഗരസഭാധ്യക്ഷനെ സിപിഐ എം നേതൃത്വത്തിൽ ഉപരോധിച്ചപ്പോൾ
മാവേലിക്കര
ഗവ. ടിടിഐയുടെ മുന്നിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മതിൽ അടിയന്തരമായി പൊളിച്ചു നീക്കി പകരം സംവിധാനം ഒരുക്കണമെന്നും മാവേലിക്കര ഗവ. എൽപി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് മാവേലിക്കര നഗരസഭാധ്യക്ഷൻ നൈനാൻ സി കുറ്റിശേരിയെ സിപിഐ എം ഉപരോധിച്ചു. ഏരിയ സെക്രട്ടറി ജി അജയകുമാർ, നഗരസഭാ പാർലമെന്ററി പാർടി നേതാവ് ലീലാ അഭിലാഷ്, ഏരിയ കമ്മിറ്റി അംഗം ഡി തുളസീദാസ്, അനൂപ് മാത്യു പോൾ, സിപിഐ എം കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ പകൽ 11ന് തുടങ്ങിയ സമരം ഒരുമണിക്കൂറോളം നീണ്ടു. സമരത്തിന് കാരണമായ രണ്ടുവിഷയങ്ങളും പരിഹരിക്കാൻ ദീർഘകാലമായി സിപിഐ എം ആവശ്യപ്പടുന്നുണ്ട്. നഗരസഭ നടപടി സ്വീകരിക്കാത്തതോടെ സമരത്തിലേക്ക് കടക്കുകയായിരുന്നു. സമരം കടുത്തതോടെ വിഷയത്തിന് പരിഹാരം കാണാമെന്ന് ചെയർമാൻ പറഞ്ഞെങ്കിലും ലെറ്റർ പാഡിൽ രേഖാമൂലം എഴുതിത്തരണമെന്ന് സിപിഐ എം നേതാക്കൾ ആവശ്യപ്പെട്ടു. ലെറ്റർ പാഡും സീലും എടുക്കാൻ മറന്നുപോയെന്ന് ചെയർമാൻ പറഞ്ഞതോടെ വിഷയം പരിഹരിക്കാമെന്ന് ചെയർമാൻ വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട് കത്തുതരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്ന് ഗവ. ടിടിഐ സ്കൂളിന്റെ അപകടകരമായി നിൽക്കുന്ന ഭാഗം ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ച് താൽക്കാലിക മറ നിർമിക്കാമെന്ന് ഉറപ്പുനൽകുന്നെന്ന്പാർലമെന്ററി പാർടി നേതാവ് ലീല അഭിലാഷിന് എഴുതി ഒപ്പിട്ട് സീൽ ചെയ്ത് കത്ത് നൽകി. എൽപി സ്കൂളിലെ പഴയ കെട്ടിടം പൊളിക്കാനുള്ള അനുവാദത്തിന് ജില്ലാ ജോ. ഡയറക്ടർ മുഖാന്തരം പ്രിൻസിപ്പൽ ഡയറക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ആഗസ്‌ത് 10ന് ജോ. ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിലേക്ക് അയച്ചിട്ടുള്ളതായി അറിയാൻ കഴിഞ്ഞെന്നും കത്തിൽ പറയുന്നു. പ്രിൻസിപ്പൽ ഡയറക്ടറുടെ അനുവാദം വാങ്ങി ഒരാഴ്ചക്കുള്ളിൽ ലേലം ചെയ്യാനും തുടർന്ന് പൊളിച്ചു നീക്കാനും നടപടി സ്വീകരിക്കുമെന്നും കത്തിൽ ചെയർമാൻ ഉറപ്പു നൽകി. ചെയർമാൻ കത്ത് നൽകിയതോടെ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കും എതിരായ തുടർ സമരങ്ങളുടെ ഭാഗമാണ് ഉപരോധ സമരമെന്ന് ഏരിയ സെക്രട്ടറി ജി അജയകുമാർ പറഞ്ഞു. കുറച്ചെങ്കിലും ഉത്തരവാദിത്തവും മനുഷ്യത്വവും ഉണ്ടായിരുന്നെങ്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മതിലും സ്കൂൾ കെട്ടിടവും പൊളിച്ചുനീക്കാൻ നടപടിയെടുക്കുമായിരുന്നു. ഇവർ ഒരു ദുരന്തം കാണാൻ കാത്തിരിക്കുന്നു. നഗരസഭയെ നശിപ്പിക്കണമെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് നഗരസഭാ സെക്രട്ടറി പ്രവർത്തിക്കുന്നത്. ആവശ്യപ്പെട്ട വിഷയങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഏരിയ സെക്രട്ടറി അറിയിച്ചു.









0 comments