സിപിഐ ജില്ലാ സമ്മേളനം 27 മുതൽ

ആലപ്പുഴ
സിപിഐ ജില്ലാ സമ്മേളനത്തിന് വെള്ളിയാഴ്‌ച ഭരണിക്കാവിൽ തുടക്കമാകും. 29-ന് സമാപിക്കും. സമ്മേളനത്തിന് മുന്നോടിയായി വെള്ളി പകൽ രണ്ടിന് പുതുപ്പള്ളി രാഘവൻ സ്‌മൃതിമണ്ഡപത്തിൽനിന്നുള്ള പതാകജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഉദ്ഘാടനംചെയ്യും. വള്ളികുന്നം സി കെ കുഞ്ഞുരാമന്റെ സ്‌മൃതിമണ്ഡപത്തിൽനിന്നുള്ള ദീപശിഖാ പ്രയാണം ജില്ലാ എക്‌സിക്യൂട്ടീവംഗം കെ ജി സന്തോഷും മാവേലിക്കര എസ് കരുണാകരക്കുറുപ്പിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥ സംസ്ഥാന കൗൺസിലംഗം എ ഷാജാഹാനും ഉദ്ഘാടനംചെയ്യും. ജാഥകൾ കോയിക്കൽ ചന്തയിൽ സംഗമിക്കും. വൈകിട്ട് നാലിന് മൂന്നാംകുറ്റി ജങ്ഷനിലേക്ക് സാംസ്‌കാരിക വിളംബരജാഥ നടക്കും. ജില്ലാ അസി. സെക്രട്ടറിമാരായ പി വി സത്യനേശൻ പതാകയും എസ് സോളമൻ ദീപശിഖയും എക്‌സിക്യൂട്ടീവംഗം കെ എസ് രവി കൊടിമരവും ഏറ്റുവാങ്ങും. എൻ സുകുമാരപിള്ള പതാക ഉയർത്തും. അഞ്ചിന് ശതാബ്‌ദി ആഘോഷ സാംസ്‌കാരികസദസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. ഡോ. പി കെ ജനാർദനക്കുറുപ്പ് അധ്യക്ഷനാകും. ശനി രാവിലെ 10-ന് മൂന്നാംകുറ്റി സിഎഎം ഓഡിറ്റോറിയത്തിൽ വിപ്ലവഗായിക പി കെ മേദിനി സമ്മേളനത്തിന് പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്‌റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, സ്വാഗതസംഘം ജനറൽ കൺവീനർ എൻ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.









0 comments