കുമ്പളങ്ങി -– അരൂർ കെൽട്രോൺ പാലം
നിർമാണം ഇന്ന് തുടങ്ങും

കുമ്പളങ്ങി -– അരൂർ കെൽട്രോൺ പാലം നിർമിക്കുന്ന പ്രദേശം
പള്ളുരുത്തി
കുമ്പളങ്ങി - അരൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കുമ്പളങ്ങി - കെൽട്രോൺ പാലം നിർമാണത്തിന്റെ പ്രാരംഭ ജോലികൾ തിങ്കളാഴ്‌ച ആരംഭിക്കും. 32.48 കോടിയുടെ എസ്റ്റിമേറ്റാണ് പാലം നിർമാണത്തിന് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബിയാണ് തുക അനുവദിച്ചത്. പാലവും അനുബന്ധ റോഡും രണ്ടു വശങ്ങളിലും താൽക്കാലിക ബോട്ട് ജെട്ടിയും പദ്ധതിയിൽ ഉൾപ്പെടും. എട്ട് സ്പാനോടു കൂടി 290 മീറ്റർ നീളവും 7.50 മീറ്റർ വീതിയും പാലത്തിനുണ്ടാകും. 1.5 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട്. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 136 മീറ്ററും നീളത്തിൽ അനുബന്ധ റോഡുകൾ ബിഎംബിസി നിലവാരത്തിൽ നിർമിക്കും. എറണാകുളത്തേയും ആലപ്പുഴയേയും ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങൾക്ക് കൂടുതൽ യാത്ര സൗകര്യമാകും. പടിഞ്ഞാറൻ തീരദേശ പ്രദേശമായ ചെല്ലാനം, കണ്ണമാലി പ്രദേശത്തുള്ളവർക്കും കുമ്പളങ്ങിക്കാർക്കും ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാം. നിലവിൽ കുമ്പളങ്ങിയിൽനിന്ന് റോഡുമാർഗം എൻഎച്ചിൽ എത്തണമെങ്കിൽ 15 കിലോമീറ്റർ സഞ്ചരിക്കണം. കുമ്പളങ്ങിയെ ദേശീയ പാതയുമായി ബന്ധിപ്പിക്കാൻ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മണ്ണുപരിശോധനയ്ക്ക് തുക വകയിരുത്തിയെങ്കിലും തുടർന്നു വന്ന സർക്കാർ നടപടികളൊന്നും സ്വീകരിച്ചില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് വീണ്ടും രണ്ടു ജില്ലക്കാരുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ പോകുന്നത്.









0 comments