സാങ്കേതിക തടസങ്ങള്‍ നീങ്ങി

കോട്ടയ്‌ക്കൽ കടവ് പാലത്തിന് നിര്‍മാണാനുമതി

കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് ആംബുലൻസ് പാലം

കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് ആംബുലൻസ് പാലം

avatar
കെ സുരേഷ് കുമാര്‍

Published on Nov 05, 2025, 12:05 AM | 1 min read

മാന്നാർ

കോട്ടയ്‌ക്കൽ കടവ് പാലത്തിന് നിര്‍മാണാനുമതി ലഭിച്ചതോടെ നാടിന്റെ ചിരകാലസ്വപ്‌നം സാക്ഷാല്‍ക്കരിച്ച സന്തോഷത്തിൽ മന്ത്രി സജി ചെറിയാന് അഭിനന്ദനം നേര്‍ന്ന് ജനങ്ങള്‍. പത്തനംതിട്ട--– ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്‌ കുരട്ടിക്കാട് കോട്ടയ്‌ക്കല്‍ കടവ് പാലം. 13,83,10,000 രൂപയുടെ അനുമതിയാണ് ലഭിച്ചത്. 25 വർഷം മുമ്പ് മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് നിർമിച്ച ആംബുലൻസ് പാലത്തിലൂടെയാണ് ജനങ്ങളുടെ സഞ്ചാരം. ഇതിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് മന്ത്രി സജി ചെറിയാൻ നാലര വർഷം മുമ്പാണ് ഇവിടെ വലിയപാലം പണിയാൻ നടപടികൾ സ്വീകരിച്ചത്. ഭരണാനുമതി ലഭിച്ച്‌ മണ്ണ്പരിശോധന അടക്കമുള്ളവ നടന്നെങ്കിലും സാങ്കേതിക തടസങ്ങളിൽ കുരുങ്ങി പണി നീണ്ടുപോയി. പത്തനംതിട്ട ജില്ലാ അതിർത്തിയായ കടപ്ര പഞ്ചായത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന് വീതി കൂട്ടണമെങ്കിൽ ദേവസ്വം ബോർഡിന്റെ സ്ഥലം വിട്ടുകിട്ടണമെന്നതായിരുന്നു വലിയ കടമ്പ. രണ്ട് വർഷം മുമ്പ് നടന്ന മന്ത്രിതല ചർച്ചയിൽ 20 സെന്റ് സ്ഥലം പാലം പണിക്കായി വിട്ടുനൽകാൻ ദേവസ്വം ബോർഡുമായി ധാരണയായി. കെആർസി വായനശാല പൊതുജനങ്ങളിൽനിന്ന്‌ ഒപ്പ് ശേഖരിച്ച്‌ നിരന്തരമായി ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 25 വർഷം മുന്പ് ആംബുലൻസ് പാലം യാഥാർഥ്യമായത്. പാലത്തിലെ അസൗകര്യം ബോധ്യപ്പെടുത്തി അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻനായർക്ക് കെആർസി വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്‌ക്കല്‍ നിവേദനം നൽകി. ഇതിന്റെ ഫലമായി നാല്‌ കോടി ബജറ്റില്‍ വകയിരുത്തിയിരുന്നു. പിന്നീട് സജി ചെറിയാൻ എംഎൽഎയുടെ ഇടപെടലിൽ 14 കോടിയായി തുക ഉയർത്തി ഭരണാനുമതി നേടുകയായിരുന്നു.

തിരക്കിൽപ്പെടാതെ 
വേഗത്തിലെത്താം

പാലം യാഥാർഥ്യമാകുന്നതോടെ പരുമല പള്ളി, പമ്പാ കോളേജ്, പനയന്നാർ കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തിരക്കിൽപ്പെടാതെ വേഗത്തിലെത്താം. മാവേലിക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ സ്റ്റോർ ജങ്ഷനിലൂടെ കുരട്ടിക്കാടുവഴി ഈ പാലത്തിലൂടെ പരുമല തിക്കപ്പുഴ എത്തി പുതിയ ഉപദേശിക്കടവ് പാലത്തിലൂടെ തിരുവല്ല ഭാഗത്തേക്ക് വേഗത്തിലെത്താൻ കഴിയുന്ന ഒരു സെമി ബൈപാസ് റോഡായി ഉപയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home