വീയപുരം- മുളയ്‌ക്കാംതുരുത്തി റോഡിന്റെ നിര്‍മാണം തുടങ്ങി

മങ്കൊമ്പ്
തീർത്തും ഗതാഗതയോഗ്യമല്ലാതായ വീയപുരം- മുളയ്‌ക്കാംതുരുത്തി റോഡിന്റെ നിർമാണപ്രവർത്തങ്ങൾ തോമസ് കെ തോമസ് എംഎൽഎയുടെ നിർദേശത്തെതുടർന്ന് കെഎസ്ടിപി ആരംഭിച്ചു. പ്രാഥമികഘട്ടത്തിൽ വാലടി മുതൽ മുളയ്‌ക്കാംതുരുത്തി വരെ റോഡ് സഞ്ചാരയോഗ്യമാക്കും. പാടശേഖരത്തിലെ ജലനിരപ്പ് താഴുന്നമുറയ്‌ക്ക് വാലടിയിൽനിന്ന് കിടങ്ങറ വരെ തകർന്നറോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നിർദേശം നൽകിയതായും എംഎൽഎ അറിയിച്ചു. കരാർകമ്പനിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ താൽക്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ തീരുമാനമായത്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടിരൂപ വിനിയോഗിച്ചാണ് വീയപുരംമുതൽ എടത്വ -പുതുക്കരി, -മാമ്പുഴക്കരി,- കിടങ്ങറ,- കുന്നംകരി,- വാലടിവഴി മുളക്കാൻതുരുത്തിവരെ 21.457 കിലോമീറ്റർ നീളം റോഡ് പുനർനിർമിക്കുന്നത്. റോഡ് നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ അപാകതയെത്തുടർന്ന് നിർമാണം നിർത്തിവച്ചിരുന്നു. എസ്‌റ്റിമേറ്റിലെ മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് കരാറുകാരനെ ഒഴിവാക്കുകയും റോഡിൽ താൽക്കാലിക ഗതാഗതസംവിധാനമൊരുക്കാൻ രണ്ട് റീച്ചുകളിലായി അറ്റകുറ്റപ്പണികൾ നടത്തുകയുംചെയ്‌തു. വിശദമായ പദ്ധതിരേഖ തയ്യാറാക്കി നിലവിൽ എസ്‌റ്റിമേറ്റിൽ മതിയായ മാറ്റംവരുത്തി റീ ടെൻഡർ നടത്തിയാണ് പുതിയ കരാർ കമ്പനി മുഖാന്തരം റോഡ് നിർമാണം ആരംഭിച്ചത്.









0 comments