വിഭാഗീയത രൂക്ഷം
ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ട് കോൺഗ്രസ്

ആലപ്പുഴ
വിഭാഗീയതയും കുതികാൽ വെട്ടും കടുത്തതോടെആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു കോൺഗ്രസ് നേതൃത്വം. പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നതുവരെ ആലപ്പുഴ സൗത്ത് ബ്ലോക്ക് നിയന്ത്രിക്കാൻ ഡിസിസി ജനറൽ സെക്രട്ടറി ജി സഞ്ജീവ് ഭട്ട് കൺവീനറായുള്ള 11 അംഗ അഡ് ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉത്തരവിറക്കി. വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുമ്പ് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക പ്രശ്ന പരിഹാരത്തിനായി ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദാണ് കമ്മിറ്റി പിരിച്ചുവിടാൻ മേൽകമ്മിറ്റിയോട് അഭ്യർഥിച്ചത്. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ ബ്ലോക്ക് കമ്മിറ്റിയാണ് ആലപ്പുഴ സൗത്ത്. പുനഃസംഘടനയിൽ ഒരു വിഭാഗത്തെ മാറ്റിനിർത്തിയതായി ആരോപിച്ച് എ ഗ്രൂപ്പുകാരനായ ഡിസിസി ജനറൽ സെക്രട്ടറി അടക്കം രാജിവച്ചിരുന്നു. മാറ്റിനിർത്തിയവരെ തിരിച്ചെടുക്കാനാകില്ലെന്നും രാജി നൽകിയത് അംഗീകരിക്കണമെന്നുമായിരുന്നു മറുവിഭാഗത്തിന്റെ നിലപാട്. നിരവധി തവണ ചർച്ച നടത്തിയെങ്കിലും സമവായമില്ലാതെ വന്നതോടെ കെപിസിസി ജനറൽ സെക്രട്ടറി എം ലിജുവിനെ സമവായത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ആരെയും മാറ്റിനിർത്തരുതെന്നും എല്ലാവരും ഒരുമിച്ച് പോകണമെന്നും വേണുഗോപാലടക്കമുള്ള നേതൃത്വം താക്കീത് നൽകി. എ ഗ്രൂപ്പ് പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി പുനസംഘടിപ്പിച്ചെങ്കിലും ഇതിൽ പ്രതിഷേധിച്ച് കുറച്ചുനാളുകളായി മറുവിഭാഗം ഭാരവാഹികളടക്കം പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.









0 comments