കുടുംബശ്രീ കലാ സാംസ്കാരിക ഭക്ഷ്യവിപണന മേള തുടങ്ങി
വർണാഭമായി സമന്വയം

മാന്നാര്‍
പുലിയൂർ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും കേരള ഫോക് ലോർ അക്കാദമിയും സംഘടിപ്പിക്കുന്ന കുടുംബശ്രീ കലാ സാംസ്കാരിക ഭക്ഷ്യ വിപണന മേള ‘സമന്വയം-25' ന് ഉജ്വല തുടക്കം. ഗ്രാമീണ വനിതാസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും പരമ്പരാഗത ഗ്രാമീണ ഉൽപ്പന്നങ്ങൾക്കും കലകൾക്കും കൂടുതൽ പ്രചാരം നൽകാനും സംഘടിപ്പിക്കുന്ന മേള രണ്ടുവരെയാണ്. ഗോത്രമേഖല മുതൽ തീരദേശംവരെ കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ, തദ്ദേശീയ സംരംഭകരുടെ കരകൗശല വസ്‌തുക്കൾ, കലാരൂപങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ 30 സ്റ്റാളുകളിലായി വിപണനത്തിനും പ്രദർശനത്തിനും ഒരുക്കിയിട്ടുണ്ട്. രംഗവേദിയിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാകായിക സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. ചലച്ചിത്രതാരം അൻസിബ ഹസ്സൻ മുഖ്യതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹന്‍, വൈസ് പ്രസിഡന്റ് ടിടി ഷൈലജ, പഞ്ചായത്തംഗങ്ങളായ ലേഖ അജിത്ത്, പി കെ ഗോപാലകൃഷ്ണൻ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കുടുംബശ്രീ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്ജിത്ത്, സിഡിഎസ് ചെയർപേഴ്സൺ ഗീതാ നായർ, കക്ഷിനേതാക്കളായ പി എന്‍ ശെല്‍വരാജന്‍, ജി ഹരികുമാര്‍, സതീഷ് കൃഷ്ണന്‍, കെ പി പ്രദീപ് എന്നിവര്‍ സംസാരിച്ചു.









0 comments