ബിടെക്കിൽ അഭിമാനനേട്ടവുമായി ചേർത്തല കോളേജ്

കോളേജ് ഓഫ് എൻജിനിയറിങ് ചേർത്തല
ടി പി സുന്ദരേശൻ
Published on Jul 15, 2025, 01:26 AM | 1 min read
ചേർത്തല
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് ആലപ്പുഴയുടെ അഭിമാനമായി സർക്കാർ സ്ഥാപനം ഐഎച്ച്ആർഡിയുടെ കീഴിൽ പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് എൻജിനിയറിങ് ചേർത്തല. അക്കാദമിക നിലവാരത്തിലും കാമ്പസ് പ്ലേസ്‌മെന്റിലും സംസ്ഥാനത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നായി മാറുകയാണ് സിഇ ചേർത്തല.
കേരള സാങ്കേതിക സർവകലാശാലയുടെ 2021 –-25 ബാച്ച് ബിടെക് പരീക്ഷാഫലം വന്നപ്പോൾ 74.48 ശതമാനമായി ഇവിടത്തെ വിജയം. വിജയശതമാനത്തിൽ സംസ്ഥാനത്തെ 130ൽപ്പരം എൻജിനിയറിങ് കോളേജുകളിൽ 10–-ാംസ്ഥാനമാണിത്. ജില്ലയിൽ ഒന്നാംസ്ഥാനവും സർക്കാർ പങ്കാളിത്തമുള്ള കോളേജുകളുടെ വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാംസ്ഥാനവും ഇവർക്കാണ്.
27 വിദ്യാർഥികൾ ഡിസ്‌റ്റിങ്‌ഷനോടെ ഒന്നാംക്ലാസ് വിജയംനേടി. ഡി ആർ രേവതി, ജി മീനാക്ഷി, അഞ്ജന സജീവ് എന്നിവർ ഉന്നതവിജയം നേടി . അക്കാദമിക മികവിനൊപ്പം കാമ്പസ് പ്ലേസ്‌മെന്റിലും കോളേജിന് മികച്ച നേട്ടം കൈവരിക്കാനായി. 108 വിദ്യാർഥികൾ ബിടെക് ബിരുദം നേടിയപ്പോൾ 123 പ്ലേസ്‌മെന്റ് ഓഫറുകളാണ് കാമ്പസിൽ ലഭിച്ചത്. ഒന്നിലധികം ഓഫറുകൾ വിദ്യാർഥികൾക്ക് ലഭിച്ചപ്പോൾ ബിരുദം നേടിയവരിൽ 85 ശതമാനത്തിനും പ്ലേസ്‌മെന്റ് ലഭ്യമാക്കാനായി.
40ൽപ്പരം കുട്ടികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ ടിസിഎസ് പോലുള്ള കമ്പനികളുടെ ഓഫറുകൾ പ്രഖ്യാപിക്കാനുണ്ട്. ടിസിഎസ്, ഇൻഫോസിസ്, ഇവൈ, കോഗ്നിസന്റ്, യുഎസ്ടി തുടങ്ങിയ മുൻനിര കമ്പനികളാണ് കാമ്പസ് റിക്രൂട്ട്മെന്റിന് എത്തുന്നത്. പുതുതലമുറ ബ്രാഞ്ചുകൾക്ക് പ്രാമുഖ്യം നൽകണമെന്ന എഐസിടിഇ നിർദേശത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സ് ആൻഡ് ഡാറ്റ സയൻസ് ബിടെക് കോഴ്സ് ഇവിടെ തുടങ്ങി. കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് കോഴ്സിന് എഐസിടിഇയുടെ അക്രഡിറ്റേഷൻ ഏജൻസി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരം ലഭിച്ചു.









0 comments