അത്യാധുനികമാകുന്നു ചെങ്ങന്നൂർ ജില്ലാ ആശുപത്രി

ചെങ്ങന്നൂർ താലുക്ക് ആയുർവേദ ആശുപത്രി നിർമാണപുരോഗതി മന്ത്രി സജി ചെറിയാൻ വിലയിരുത്തുന്നു
ചെങ്ങന്നൂർ
അത്യാധുനിക സൗകര്യങ്ങളോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഒരുങ്ങുന്നു. കെട്ടിടസമുച്ചയ നിർമാണം അവസാനഘട്ടത്തിലാണ്. മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് കിഫ്ബി ഫണ്ടിൽനിന്ന് 100 കോടി രൂപ ലഭ്യമാക്കിയത്. ഏഴ് നിലയിലായി 1,25,000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് കെട്ടിട സമുച്ചയം. 300 കിടക്കയുണ്ടാകും. കെട്ടിടം പൂർത്തിയാകുന്നതോടെ മധ്യകേരളത്തിലെ ഏറ്റവുംവലിയ ജില്ലാ ആശുപത്രികളിലൊന്നാകും. മോഡുലാർ ഓപ്പറേഷൻ തിയേറ്ററടക്കം ആധുനിക സംവിധാനങ്ങളുണ്ടാവും. ജില്ലാ ആശുപത്രിയെയും തൊട്ടടുത്ത മാതൃ-ശിശു ആശുപത്രിയെയും ബന്ധിപ്പിക്കുന്ന റാമ്പിന് മേൽക്കൂരയും പണിയുന്നുണ്ട്. ചെറിയനാട്, ആലാ, തിരുവൻവണ്ടൂർ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. മന്ത്രി സജി ചെറിയാന്റെ ആസ്‌തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ആലായ്‌ക്കും 25 ലക്ഷം രൂപ ചെറിയനാടിനും ചെലവഴിച്ച് ആരോഗ്യകേന്ദ്രങ്ങൾക്ക് കെട്ടിടങ്ങൾ നിർമിച്ചു. മുളക്കുഴ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തും. ഇവിടെയും പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്. തിരുവൻവണ്ടൂർ ഇരമല്ലിക്കരയിലെ ജനകീയ ആരോഗ്യകേന്ദ്രം തുറന്നു. ഒപി കൺസൾട്ടേഷൻ, രജിസ്ട്രേഷൻ മുറികൾ, കാത്തിരിപ്പുകേന്ദ്രം, പ്രീ ചെക്കപ്പ്, ഒബ്സർവേഷൻ, ഇൻജക്‌ഷൻ, നെബുലൈസേഷൻ, നഴ്സസ് സ്റ്റേഷൻ, ഇമ്യൂണൈസേഷൻ റൂം, ലാബ്, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവ. താലൂക്ക് ആയുർവേദ ആശുപത്രിയുടെ ആധുനിക കെട്ടിട നിർമാണം പുരോഗമിക്കുകയാണ്. മൂന്ന് നിലയിലായി 14,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ 5.23 കോടി ചെലവഴിച്ചാണ് നിർമാണം. കിടത്തിച്ചികിത്സയ്‌ക്ക് 23 കിടക്കകൾ, താഴത്തെ നിലയിൽ പരിശോധന, ചികിത്സാമുറികൾ, ഫാർമസി, സ്റ്റോർ റൂം, പഞ്ചകർമ ചികിത്സാമുറികൾ തുടങ്ങിയവയുണ്ടാകും.









0 comments