തലവടി സ്വദേശിയിൽനിന്ന് 25.5 ലക്ഷം തട്ടിയ കേസ്: ഒരാൾ അറസ്‍റ്റിൽ

അര്‍ജുന്‍
മങ്കൊമ്പ്
ഓൺലൈൻ ലേലത്തിലൂടെ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്ററ്റീവിൽനിന്ന് 25.5 ലക്ഷം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ വേങ്ങാട് മൂർക്കനാട് കരുവള്ളിക്കുന്നത്ത് കെ കെ അർജുനാണ് (26) ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ഓൺലൈൻ ലേല കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സാപ്പ് എന്നിവവഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മെയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽനിന്ന് ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ലേലം വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുത്തു. പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ഉണ്ടാക്കിച്ച തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടർന്നത്. വെബ്‌സൈറ്റിൽ കാണിച്ച ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ക്രെഡിറ്റ് സ്‌കോർ കുറവാണെന്നും ഇത് കൂട്ടാൻ വീണ്ടും ഓൺലൈൻ ലേലം ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന് തട്ടിപ്പ് ബോധ്യമായത്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും പ്രതിയെ പിടിക്കാനുമായി. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി എം എസ് സന്തോഷിന്റെ നിർദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് എസ്‌എച്ച്‌ഒ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ മലപ്പുറം കുളത്തൂരെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തെലങ്കാന സൈബരാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തമിഴ്നാട് കോയമ്പത്തൂർ സുലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ പരാതികൾ നിലവിലുണ്ട്.









0 comments