വിദ്യാർഥി റോഡിൽ വീണ സംഭവം

ബസ്‌ ജീവനക്കാരുടെ ലൈസൻസ്‌ തെറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2025, 01:21 AM | 1 min read

ആലപ്പുഴ
ആലപ്പുഴ തിരുവമ്പാടി ജങ്‌ഷനിൽ ഇറങ്ങുംമുമ്പ്‌ ബസ്‌ മുന്നോട്ടെടുത്തതിനാൽ റോഡിൽ തെറിച്ചുവീണ്‌ കോളേജ്‌ വിദ്യാർഥിനിക്ക്‌ പരിക്കേറ്റ സംഭവത്തിൽ ബസ്‌ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ലൈസൻസ്‌ മോട്ടോർ വാഹന വകുപ്പ്‌ സസ്‌പെൻഡ്‌ചെയ്‌തു. മൂന്ന്‌ മാസത്തേക്കാണ്‌ ലൈസൻസ്‌ റദ്ദാക്കിയത്‌. ഡോർ തുറന്നിട്ട്‌ സർവീസ്‌ നടത്തിയതിന്‌ ബസിനും പിഴചുമത്തും. അപകടത്തിന്‌ കാരണമായ കഞ്ഞിപ്പാടം–-ആലപ്പുഴ റൂട്ടിലോടുന്ന അൽ അമീൻ ബസിലെ ഡ്രൈവർ സി ജയകുമാർ, കണ്ടക്‌ടർ സി സുഭാഷ് എന്നിവർക്കെതിരെയാണ്‌ ആലപ്പുഴ ആർടിഒ ഡി ജയരാജിന്റെ നടപടി. പ്രാഥമിക അന്വേഷണത്തിൽ ബസ് ഡോറുകൾ തുറന്നുവച്ചാണ്‌ സർവീസ്‌ നടത്തിയതെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും വീഴ്ചയുണ്ടായതായും കണ്ടെത്തി. തിങ്കളാഴ്‌ച ഇരുവരെയും ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി. അപകടകരമായ ഡ്രൈവിങ്‌, ജീവനും സുരക്ഷയ്‌ക്കും ഭീഷണിയാകുന്ന അശ്രദ്ധമായ പെരുമാറ്റം, അപകടമുണ്ടാക്കി കടന്നുകളയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം സൗത്ത്‌ പൊലീസ്‌ കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ ബസ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. പുന്നപ്ര സഹകരണ എൻജിനിയറിങ് കോളേജിലെ അവസാനവർഷ സിവിൽ എൻജിനിയറിങ് വിദ്യാർഥി ദേവികൃഷ്‌ണയാണ് (23) ബസിൽനിന്ന്‌ തെറിച്ചുവീണത്‌. വെള്ളി പകൽ 3.48ഓടെയായിരുന്നു അപകടം. ഇറങ്ങേണ്ട വലിയ ചുടുകാട് സ്‌റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല. യാത്രക്കാർ ബഹളംവച്ചതോടെ അൽപ്പംമാറി ബസ്‌നിർത്താൻ വേഗംകുറച്ചു. പെൺകുട്ടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബസ് അതിവേഗം മുന്നോട്ടെടുക്കുകയും തുറന്നിരുന്ന മുൻ ഡോറിലൂടെ റോഡരികിലേക്ക്‌ വീഴുകയുമായിരുന്നു. റോഡരികിലെ വൈദ്യുതപോസ്‌റ്റിൽ തലയിടിച്ച്‌ ബോധം നഷ്‌ടമായി. ബസുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. പിന്നാലെവന്ന കാറിൽ നാട്ടുകാരാണ്‌ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home