ആനപ്രമ്പാൽ വള്ളംകളി
ഇഞ്ചോടിഞ്ച്; ഒടുവിൽ നെപ്പോളിയൻ ജേതാവ്

ആറാമത് ശ്രീനാരായണ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ആനപ്രമ്പാൽ വള്ളംകളിയിൽ നെപ്പോളിയൻ വള്ളം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
മങ്കൊമ്പ്
കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാമത് ശ്രീനാരായണ എവറോളിങ് ട്രോഫി ആനപ്രമ്പാൽ ജലോത്സവത്തിൽ നെപ്പോളിയൻ ജേതാവ്. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ എർവിൻ ഷിക്കു ക്യാപ്റ്റനായ ടീം നെപ്പോളിയൻ തുഴഞ്ഞ നെപ്പോളിയൻ വള്ളവും കൊച്ചമ്മനം നിറവ് ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ വള്ളവുമാണ് ഫൈനലിൽ മത്സരിച്ചത്. ഇരുവള്ളങ്ങളും നേരിയ വ്യത്യാസത്തിലാണ് ഫിനിഷിങ് പോയിന്റ് മറികടന്നത്. ആദ്യം നെപ്പോളിയൻ വള്ളം വിജയിച്ചതായി സംഘാടകർ പ്രഖ്യാപിച്ചെങ്കിലും തർക്കമുണ്ടായതിനെ തുടർന്ന് ഫിനിഷിങ് പോയിന്റിൽ സ്ഥാപിച്ച വിവിധ കാമറകൾ പരിശോധിച്ചാണ് അന്തിമഫലം പ്രഖ്യാപിച്ചത്. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ് തുഴഞ്ഞ പിജി കരിപ്പുഴ ജേതാവായി. കൊച്ചമ്മനം- നിറവ് ക്ലബ് തുഴഞ്ഞ ചിറമേല്‍ തോട്ടുകടവൻ രണ്ടാം സ്ഥാനം നേടി. ഓടി വിഭാഗത്തിൽ ഡാനിയേല്‍ ജേതാവായി. കുറുപ്പ്പറമ്പന്‍ രണ്ടാം സ്ഥാനം നേടി. ജലോത്സവത്തിന്റെ പൊതുസമ്മേളനം ആർ സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ജലോത്സവ സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ജലോത്സവം ഉദ്ഘാടനവും ഡെപ്യൂട്ടി എക്സൈസ് കമീഷണർ എസ് അശോക് കുമാർ സമ്മാനദാനവും നടത്തി. ആനന്ദ് പട്ടമന, ബിഷപ് തോമസ് കെ ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, ജലോത്സവ സമിതി ഭാരവാഹികളായ സുനിൽ മൂലയിൽ, അരുൺ പുന്നശ്ശേരിൽ, ഷാജി കറുകത്ര, പീയൂഷ് പി പ്രസന്നൻ, മനോഹരൻ വെറ്റിലക്കണ്ടം, സണ്ണി അനുപമ, ജിനു ശാസ്‌താംപറമ്പ്, തോമസുകുട്ടി ചാലുങ്കൽ, എം ജി കൊച്ചുമോൻ, കെ വി മോഹനൻ, മനോജ് തുണ്ടിയിൽ, സുകു പാക്കളിൽ എന്നിവർ സംസാരിച്ചു.









0 comments