ആയുർവേദ ദിനാചരണവും വിളംബരജാഥയും

ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് സംഘടിപ്പിച്ച 10–ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ നടത്തുന്നു
ആലപ്പുഴ
ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് സംഘടിപ്പിച്ച 10–ാമത് ദേശീയ ആയുർവേദ ദിനാചരണം ജില്ലാതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ നടത്തി. ജില്ലാ ആയുർവേദ ആശുപത്രി പുതിയ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്നും നാല് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വിളംബരജാഥയോടെയാണ് ദിനാചരണത്തിന് തുടക്കമായത്. ഇ എം എസ് സ്‌റ്റേഡിയത്തിൽനിന്ന് കലക്‌ടറേറ്റിലേക്ക് സംഘടിപ്പിച്ച വിളംബരജാഥ പി പി ചിത്തരഞ്ജൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ജിജി ജോൺ ഡെപ്യൂട്ടി കലക്‌ടർ ആർ സുധീഷിന് നൽകി ലോഗോ പ്രകാശിപ്പിച്ചു. ‘ആയുർവേദം മാനവരാശിക്കും ഭൂമിക്കും വേണ്ടി’ എന്നതാണ് ഈ വർഷത്തെ ആയുർവേദദിന സന്ദേശം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ ജി ശ്രീജിനൻ ആയുർവേദദിന സന്ദേശം നൽകി. ‘കാൻസർ പ്രതിരോധവും ആയുർവേദവും’ എന്ന വിഷയത്തിൽ തൃപ്പൂണിത്തറ ഗവ. ആയുർവേദ കോളേജ് സ്വസ്ഥവൃത്തവിഭാഗം അസോ. പ്രൊഫ. ഡോ. എസ് വിനുരാജ് ക്ലാസെടുത്തു. മാവേലിക്കര ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അനിത വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ എസ് രഞ്ജിത്ത്, ഭാരതീയ ചികിത്സാവകുപ്പ് സീനിയർ സൂപ്രണ്ട് ശ്രീകല, ചെങ്ങന്നൂർ ഗവ. ആയുർവേദ ആശുപത്രി സിഎംഒ ഡോ. എസ് ബിന്ദു, ജില്ലാ ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഡാർലി ജെയിംസ് എന്നിവർ സംസാരിച്ചു.









0 comments