ഗോൾഡൻ വിസയിൽ തിളങ്ങി അനുപമ

അനുപമ പ്രകാശ്
കെ സുരേഷ് കുമാര്‍
Published on Aug 09, 2025, 12:31 AM | 1 min read
മാന്നാർ
ആഗോളതലത്തിൽ പ്രമുഖരായ വ്യക്തികൾക്കും പ്രതിഭാധനരായ വിദ്യാർഥികൾക്കും യുഎഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ നേടി മലയാളി വിദ്യാർഥിനി. ചെന്നിത്തല ഇരമത്തൂർ പവകി വീട്ടിൽ പ്രകാശ്– -രഞ്ജിനി ദമ്പതികളുടെ മകൾ അനുപമ പ്രകാശിനാണ് ഗോൾഡൻ വിസ ലഭിച്ചത്. യുഎഇ റാസൽഖൈമ ന്യു ഇന്ത്യൻ സ്കൂളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഹൈടോപ്പറായി വിജയിച്ച അനുപമക്ക് അസാധാരണ വിദ്യാർഥി വിഭാഗത്തിലാണ് ഗോൾഡൻ വിസ . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 വർഷത്തേക്ക് യു എ ഇയിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ദീർഘകാല റെസിഡൻസി വിസയാണ് ദുബായ് ഗോൾഡൻ വിസ.സാധാരണയായി യു എ ഇയിൽ ഗണ്യമായ നിക്ഷേപം വാഗ്ദാനം ചെയ്യാൻ താൽപ്പര്യമുള്ള സമ്പന്ന വ്യക്തികളെയാണ് ഗോൾഡൻ വിസ ലക്ഷ്യമിടുന്നത്. സംരംഭകർക്ക് പുറമേ, ഡോക്ടർമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ തുടങ്ങിയ പ്രത്യേക കഴിവുള്ള വ്യക്തികൾക്കും വിസയ്ക്ക് അപേക്ഷിക്കാം. സ്റ്റിർലിങ് യൂണിവേഴ്സിറ്റിയുടെ ഡാറ്റാ സയൻസ് വിത്ത് എ ഐ കോഴ്സിൽ ഒന്നാം വർഷ വിദ്യാർഥിനിയാണ് അനുപമ പ്രകാശ്. അച്ഛനായ പ്രകാശ് റാസൽഖൈമയിൽ ഗൾഫ് ഫാർമസ്യൂട്ടിക്കൽ -കാലിബ്രേഷൻ എൻജിനീയറാണ്. അമ്മ രഞ്ജിനി ന്യൂ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. സഹോദരൻ അഭിപ്രകാശ് മൂന്നാം വർഷ സോഫ്റ്റ് വെയർ എൻജിനീയറിങ് വിദ്യാർഥിയാണ്. 2035 വരെ ഗോൾഡൻ വിസ വിദേശികൾക്ക് ഒരു ദേശീയ സ്പോൺസറുടെ ആവശ്യമില്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും പ്രാപ്തമാക്കുന്നു. ഗോൾഡൻ വിസ നേടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് അനുപമ പ്രകാശ് പറഞ്ഞു.









0 comments