മെഗാ ശുചീകരണവുമായി അമൃതാനന്ദമയിമഠവും

മാതാ അമൃതാനന്ദമയി മഠം അഴീക്കലിൽ സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തവർ
കായംകുളം
മാതാ അമൃതാനന്ദമയിയുടെ എഴുപത്തിരണ്ടാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോക ശുചീകരണ ദിനത്തിൽ മെഗാ ശുചീകരണ യജ്‌ഞം സംഘടിപ്പിച്ചു. മാതാ അമൃതാനന്ദമയി മഠം, കേരള ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച യജ്ഞത്തിൽ മൂവായിരത്തിലധികം പേർ പങ്കെടുത്തു. ആലപ്പുഴ, കൊല്ലം ജില്ലകളിലായി ആശ്രമത്തിന്റെ സമീപ പ്രദേശങ്ങളായ ക്ലാപ്പന, കുലശേഖരപുരം, ആലപ്പാട്, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ആശ്രമ അന്തേവാസികൾ, അമൃത സർവകലാശാല വിദ്യാർഥികൾ, അധ്യാപകർ, പഞ്ചായത്ത് പ്രതിനിധികൾ, ഹരിതകർമസേന, പരിസരവാസികൾ എന്നിവരടങ്ങുന്ന സംഘം ശുചീകരണം നടത്തി. വിവിധയിടങ്ങളിൽ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. കൊല്ലം ജില്ലയിൽ വള്ളിക്കാവ് ടൗണിലും, ആലപ്പുഴ ജില്ലയിൽ അഴീക്കൽ ലൈറ്റ് ഹൗസ് പരിസരത്തും ശുചീകരണ യജ്ഞത്തിന്റെ സമാപനപരിപാടികൾ നടന്നു. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി രമേഷ്, എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി എന്നിവർ വിഷയാവതരണം നടത്തി. സ്വാമി തപസ്യാമൃതാനന്ദ പുരി, സ്വാമി ഗുരു പാദാശ്രിതാനന്ദ പുരി, സ്വാമിനി സിദ്ധാമൃത പ്രാണ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ യു ഉല്ലാസ്, ഒ മിനിമോൾ, മിനിമോൾ നിസാം, ഹരിത കേരളം മിഷൻ ആലപ്പുഴ ജില്ലാ കോ ഓഡിനേറ്റർ കെ എസ് രാജേഷ് എന്നിവർ സംസാരിച്ചു.









0 comments