കുട്ടനാടിന് എന്നും സ്‌നേഹവും കരുതലും


സ്വന്തം ലേഖകൻ
Published on Jul 23, 2025, 12:33 AM | 1 min read
മങ്കൊമ്പ്
രാഷ്‌ട്രീയപ്രവർത്തനം തുടങ്ങിയ കാലത്തേ തന്റെ കർമമണ്ഡലമായിരുന്ന കുട്ടനാടിനോട് എന്നും സ്‌നേഹവും കരുതലുമായിരുന്നു വി എസിന്. പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കുട്ടനാടിന്റെ എല്ലാകാര്യങ്ങളിലും പ്രത്യേകശ്രദ്ധ പുലർത്തി. കേരളത്തിന്റെ നെല്ലറകളിലൊന്നായ പ്രദേശം പ്രതിസന്ധിയിൽ അകപ്പെടുമ്പോഴൊക്കെ പരിഹാരവുമായി അദ്ദേഹം ഓടിയെത്തിയിരുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കം ദുരിതംവിതയ്‌ക്കുന്നത് പതിവായ കുട്ടനാട്ടിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ശ്രദ്ധിച്ചു. വെള്ളപ്പൊക്കം കുടുതൽ ബാധിക്കുന്ന കൈനകരി, പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിൽ ബോട്ടിൽ സഞ്ചരിച്ച് പ്രശ്‌നങ്ങൾ മനസിലാക്കി സഹായം എത്തിക്കുമായിരുന്നു. വേനൽമഴയിൽ നെല്ല് കിളിർത്ത് നശിച്ചുപോയിടത്ത് കർഷകരെ കാണാൻ മുഖ്യമന്ത്രിയായിരിക്കെ വി എസ് കുട്ടനാട്ടിലെത്തി. കർഷകരോടും ഉദ്യോഗസ്ഥരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ‘കിളിർത്തതെന്നോ നനഞ്ഞതെന്നോ നോക്കാതെ നെല്ലുമുഴുവൻ സംഭരിക്കാനായിരുന്നു’ നിർദേശം. മുഴുവൻ നെല്ലും അന്നുസംഭരിച്ചു. വി എസിന്റെ നിർദേശത്താലാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ ഉൽപ്പാദന വർധനയ്‌ക്കായി ‘ഗാലസ’ പദ്ധതി ആരംഭിച്ചത്. ഒന്നാം കുട്ടനാട് പാക്കേജ് മങ്കൊമ്പിൽ ഉദ്‌ഘാടനംചെയ്‌തതും വി എസ് ആയിരുന്നു. കുട്ടനാട്ടിൽ എത്തുമ്പോഴെല്ലാം പഴയ സഹപ്രവർത്തകരടക്കം അദ്ദേഹത്തെ കാണാനെത്തും. എന്തെങ്കിലും ആവശ്യം സാധിക്കാനല്ല. വിഎസിനെ ഒന്നു കാണണം. അത്രമാത്രം.









0 comments