ആലപ്പുഴ 
ജലമെട്രോ

സാധ്യതാപഠനം 
ഉടൻ പൂർത്തിയാകും

ജലമെട്രോ ആലപ്പുഴ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറിൽ പൂർത്തിയാക്കി റിപ്പോർട്ട്‌ കൈമാറും
വെബ് ഡെസ്ക്

Published on Nov 09, 2025, 01:45 AM | 1 min read

ആലപ്പുഴ

ജലമെട്രോ ആലപ്പുഴ പദ്ധതിയുടെ സാധ്യതാ പഠനം ഡിസംബറിൽ പൂർത്തിയാക്കി റിപ്പോർട്ട്‌ കൈമാറും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനാണ്‌ (കെഎംആർഎൽ) ഇതിന്റെ ചുമതല. കൊച്ചി ജലമെട്രോയുടെ മാതൃകയിലാണ്‌ പദ്ധതി. കൊല്ലത്തും ജലമെട്രോ സ്ഥാപിക്കാൻ പദ്ധതിയുണ്ട്‌. ഗതാഗത സംവിധാനത്തിനൊപ്പം വിനോദസഞ്ചാര മേഖലയ്‌ക്കും ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പദ്ധതി പ്രദേശം, റൂട്ടുകൾ, ബോട്ടുകൾ, ജെട്ടികൾ, മറ്റ്‌ അനുബന്ധ സ‍ൗകര്യങ്ങൾ തുടങ്ങിയവയെപ്പറ്റി വിശദ പഠനത്തിന്‌ ശേഷമാണ്‌ തീരുമാനമെടുക്കുകയെന്ന്‌ കെഎംആർഎൽ അറിയിച്ചു. കൂടുതൽ ജലാശയങ്ങൾ ഉള്ളതും യാത്രക്കാർ ഏറിയതുമായ പ്രദേശങ്ങൾ കണക്കിലെടുത്താണ്‌ ആലപ്പുഴയെയും കൊല്ലത്തെയും ജലമെട്രോ പദ്ധതിക്കായി തെരഞ്ഞെടുത്തത്‌. ജലഗതാഗത വകുപ്പിന്റെ സർവീസുകളെ ബാധിക്കാതെയാവും ജലമെട്രോ സർവീസ്‌. പൂർണമായും സ‍ൗരോർജ ബോട്ടുകൾ ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണവും ഉണ്ടാവില്ല. എയർ കണ്ടീഷൻ സ‍ൗകര്യമുള്ള ആധുനിക ബോട്ടുകളാവും ഉണ്ടാവുക. കൊച്ചി ജലമെട്രോയുടെ മാതൃകയിൽ ഏകീകൃത ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ (ഒസിസി) നിന്നാവും ബോട്ട്‌ നിയന്ത്രിക്കുക. വിനോദസഞ്ചാരികൾ ഏറെയുള്ള ആലപ്പുഴ, മുഹമ്മ, പാതിരാമണൽ, കുമരകം റൂട്ടുകൾക്കാണ്‌ പ്രാമുഖ്യം. കൊച്ചി ജലമെട്രോ ലോകശ്രദ്ധയാകർഷിച്ചതിനെ തുടർന്ന്‌ ഇന്ത്യയിലെ 17 പ്രദേശങ്ങളിൽ ജലമെട്രോ തുടങ്ങാൻ ഇൻലാൻഡ്‌ വാട്ടർവേയ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ പദ്ധതി തയ്യാറാക്കി. കൊച്ചി ജലമെട്രോയ്‌ക്ക്‌ 20 ബോട്ടാണുള്ളത്‌. 12 ബോട്ട്‌ ടെർമിനലുകളുമുണ്ട്‌. ഡിസംബർ, ജനുവരി മാസങ്ങളിലായി രണ്ടെണ്ണം കൂടി തുറക്കും. 6,500 യാത്രക്കാരാണ്‌ പ്രതിദിന ശരാശരി.



deshabhimani section

Related News

View More
0 comments
Sort by

Home