50 ദിവസത്തിൽ വിറ്റത് 1000 കിലോയോളം
എയ്‌റോഫെർട് ക്ലിക്കായി; ജൈവവളം ജനപ്രിയം

നെബിൻ കെ ആസാദ്
ആലപ്പുഴ
മാലിന്യം സംസ്‌കരണത്തിൽ ആലപ്പുഴ നഗരസഭയുടെ പുതിയ ചുവടുവയ്‌പായ "എയ്‌റോഫെർട്' ജൈവവളം ജനം ഏറ്റെടുക്കുന്നു. ഉദ്‌ഘാടനംകഴിഞ്ഞ് 50 ദിവസംകൊണ്ട് 1000കിലോയോളം വളം വിറ്റു. 29,670 രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. കുട്ടനാട്ടിൽ "ബിലോ സീ ലെവൽ ഫാമിങ്' പദ്ധതിക്കായി 400 കിലോ വളം കൈമാറിയത് വലിയ നേട്ടമായി. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വൃത്തി കോൺക്ലേവിലും സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിലും ധാരാളം വിപണന സാധ്യത കണ്ടെത്തി. കഞ്ഞിക്കുഴിയിലെയും മറ്റ് കാർഷിക ഗ്രാമങ്ങളിലെയും ജൈവകർഷകരാണ് എയ്‌റോഫെർടിന്റെ പ്രധാന ആവശ്യക്കാർ. രണ്ട് കിലോയുടെ പാക്കറ്റ് 60 രൂപയ്ക്കും 100 കിലോക്ക് മുകളിൽ വാങ്ങുന്നവർക്ക് 30 ശതമാനം ഡിസ്‌കൗണ്ടിലുമാണ് വിൽക്കുന്നത്. എയ്റോബിക് കംപോസ്റ്റ് യൂണിറ്റിൽനിന്ന് ലഭിക്കുന്ന ജൈവാവശിഷ്ടം ആലിശേരിയിൽ സ്ഥാപിച്ച വളംനിർമാണ യൂണിറ്റുവഴി പൊടിച്ച് ജൈവവളമാക്കിയാണ് വിപണിയിലെത്തിക്കുന്നത്. തുമ്പൂർമൂഴി മാതൃകയിൽ ജൈവ അവശിഷ്ടം വളമാക്കുകയാണ് ആലിശേരിയിലെ എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകളിലൂടെ. വീടുകളിൽനിന്ന് 37 എയ്റോബിക് കംപോസ്റ്റ് യൂണിറ്റുകളിലെ 386 ബിന്നുകളിലെത്തുന്ന ജൈവമാലിന്യമാണ് 90 മുതൽ 120 ദിവസം കൊണ്ട് ജൈവ അവശിഷ്ടമാക്കി മാറ്റുന്നത്. ഇവ ആലിശേരി, വളംനിർമാണ യൂണിറ്റിലെത്തിച്ച് വിൻഡ്രോ കംപോസ്റ്റ് ചെയ്ത് കൺവയർബെൽറ്റിലൂടെ വീണ്ടും തരംതിരിച്ച്, ഷ്രഡ്ഡിങ് മെഷീൻ വഴി പൊടിച്ച് അരിപ്പ യന്ത്രത്തിലൂടെ അരിച്ച് ഉണക്കി പൊടിച്ച് വളമാക്കി പാക്കറ്റുകളിലാക്കുകയാണ്.
0 comments