ഒറ്റയ്‌ക്കൊരു പദയാത്ര

ഒറ്റയ്‌ക്കൊരു പദയാത്ര
ആലപ്പുഴ
വി എസിനെ അവസാനമായി ഒരു നോക്കുകാണാൻ, ആദരമർപ്പിക്കാൻ ചെങ്കൊടിയേന്തി മുദ്രാവാക്യം വിളിച്ചു നീങ്ങിയ വീട്ടമ്മ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തോടും വി എസ്സിനോടും നാടിന്റെ വികാരവായ്‌പിന്റെ പ്രതീകമായി. കഞ്ഞിക്കുഴി കണ്ണർകാട് പാന്തേഴം ചെങ്ങളക്കാട്ട് വെളിയിൽ രമണിബാബു (55) ആണ് വി എസിനെ കാണാൻ കാൽനടയായി കിലോമീറ്ററുകൾ സഞ്ചരിച്ച് ഒറ്റയ്‌ക്ക് ഒരു പ്രസ്ഥാനമായി മാറിയത്. കഞ്ഞിക്കുഴിയിൽനിന്ന് മുഹമ്മ, മണ്ണഞ്ചേരി വഴി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലേക്കാണ് രമണി ഒറ്റയ്‌ക്ക് നടന്നത്. ഒരു തോൾസഞ്ചിയും ചെങ്കൊടിയുമായി നടന്നുനീങ്ങുന്ന വീഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. സങ്കടക്കടൽ ചങ്കിലിരമ്പുമ്പോഴും ""ഇല്ലാ ഇല്ല മരിക്കുന്നില്ല... ഞങ്ങടെ വി എസ് മരിക്കുന്നില്ല'' എന്ന് തൊണ്ടപൊട്ടുമുച്ചത്തിൽ മുദ്രവാക്യംവിളിച്ചുകൊണ്ടാണവർ നടന്നു നീങ്ങിയത്. പലരും വാഹനത്തിൽ കയറാൻ ക്ഷണിച്ചിട്ടും, സ്നേഹത്തോടെ നിരസിച്ചു. ""ഞങ്ങൾ ഒരാൾ മാത്രമായാൽ, അവശേഷിക്കുന്ന ആ ഒരാൾ ഒരു പാർടിയാകും'' എന്ന വാചകങ്ങൾ അക്ഷരാർഥത്തിൽ ഉറപ്പിക്കുന്നതായിരുന്നു ആ കാഴ്ച. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആലപ്പുഴയിൽ സമാനമായ കാഴ്ചകൾ കാണാൻ സാധിച്ചു. ഭിന്നശേഷിക്കാരും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാൻ കുതിച്ചെത്തി.









0 comments