ചാമ്പ്യൻസ് ബോട്ട് ലീഗിന് ആവേശത്തുടക്കം
കൈനകരിയിലും വീരുവിജയം


ഫെബിൻ ജോഷി
Published on Sep 20, 2025, 01:08 AM | 2 min read
കൈനകരി
ജലമേളകളുടെ കളിത്തൊട്ടിലിൽ, സ്വന്തം നെട്ടായത്തിൽ വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും വീയപുരം ചുണ്ടനും വിജയക്കുതിപ്പ് തുടങ്ങി. നിലവിലെ ചാമ്പ്യൻന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനെ 28 മൈക്രോ സെക്കൻഡിന് പിന്നിലാക്കിയാണ് സിബിഎൽ അഞ്ചാം സീസണിലെ ആദ്യമത്സര വിജയം. 10 പോയിന്റും ലീഡും. നെഹ്‌റുട്രോഫി വിജയത്തിന്റെ തുടർച്ച. വെള്ളി വൈകിട്ട് അഞ്ചോടെ കൊച്ചുപനയ്‌ക്കൽ ക്ഷേത്രത്തിന് മുന്നിലെ സ്‌റ്റാർട്ടിങ് പോയിന്റിൽ ഫൈനലിന് സ്‌റ്റിൽ സ്‌റ്റാർട്ടിങ് വിസിൽ മുഴങ്ങി. വള്ളംകളി ഹൃദയതാളമാക്കിയ കൈനകരിയുടെ ശ്വാസംനിലച്ചു. ഒരു കിലോമീറ്ററകലെ മുണ്ടയ്‌ക്കൽ പാലത്തിന് സമീപത്തെ വിജയവരയിലേക്ക് ചുണ്ടന്മാർ തുഴഞ്ഞുകയറിയത് ആർപ്പുവിളികൾക്കിടയിലൂടെ. സ്‌റ്റാർട്ടിങ്ങിൽ ഒന്നാമതായ വീയപുരത്തെ ട്രാക്ക് പാതി പിന്നിടും മുമ്പ് മേൽപ്പാടം പിന്നിലാക്കി. തുഴപ്പാടുകൾക്ക് മുന്നിലായി മേൽപ്പാടം അവസാന പാദത്തിലേക്ക്. കൈനകരി കണ്ഠമിടറി ആർപ്പുവിളിച്ചു. വില്ലേജിന്റെ തുഴക്കാർ ആവേശത്തുഴയെറിഞ്ഞു. അവസാനപാദത്തിൽ വീരു ചാട്ടുളിയായി. കലാശപ്പോര് വിജയവരതൊട്ടതിന് പിന്നാലെ ഇരുകരകളിലും അടങ്ങിനിന്ന കൈനകരിയുടെ ആവേശം പമ്പയാറിലേക്ക് ഉൗളിയിട്ടു. ഒരുതുഴപ്പാട് മാത്രം പിന്നിൽ മേൽപ്പാടം ചുണ്ടന്റെ (3.33.62) വിജയമോഹം അവസാനിച്ചു. കൈനകരിയൊന്നായി ഏറ്റുവിളിച്ചു. ‘‘വീയപുരം, വിബിസി’’.....അരവള്ളപ്പാടിന് പിറകിൽ മൂന്നാം സ്ഥാനക്കാരായി നിരണം ചുണ്ടനും (3.41.68) വിജയവര തൊട്ടു. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (3.39.41) നാലാമതും കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലെ പറമ്പൻ (3.40.08) അഞ്ചാമതുമായി. കുമരകം ടൗണിന്റെ പായിപ്പാടൻ (3.55.46) ആറാം സ്ഥാനവും തെക്കേക്കര ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടൻ (3.58.03) ഏഴാം സ്ഥാനവും നേടി. കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലും (3.58.24) ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളവുമാണ് (4.20.70) അവസാന സ്ഥാനങ്ങളിൽ. ഹീറ്റ്‌സിൽ മേൽപ്പാടം മൂന്നാം ഹീറ്റ്‌സിലെ മൂന്ന് വള്ളങ്ങൾ തന്നെയാണ് ഫൈനലിലും പോരടിച്ചത്. മൂന്നാം ഹീറ്റ്‌സിൽ മേൽപ്പാടം ചുണ്ടൻ (3.27.42) ഒന്നാമതായി. മൈക്രോ സെക്കൻഡുകൾക്ക് പിന്നിൽ വീയപുരവും (3.27.61) പിന്നാലെ നിരണം ചുണ്ടനും (3.34.57) ഫൈനൽ യോഗ്യതനേടി. നടുഭാഗവും നടുവിലെപറമ്പനും ചമ്പക്കുളവുമാണ് ഒന്നാം ഹീറ്റ്‌സിൽ മത്സരിച്ചത്. നടുഭാഗം (3.35.43) ഒന്നാമതായും നടുവിലെപറമ്പൻ (3.35.72) രണ്ടാമതായും ലൂസേഴ്‌സ് ഫൈനൽ യോഗ്യതനേടി. ചമ്പക്കുളം (4.12.88) ഫസ്‌റ്റ് ലൂസേഴ്‌സിലേക്ക് പിന്തള്ളപ്പെട്ടു. കാരിച്ചാലും ചെറുതന ചുണ്ടനും പായിപ്പാടനും മത്സരിച്ച രണ്ടാം ഹീറ്റ്‌സിൽനിന്ന് പായിപ്പാടൻ (3.50.94) ലൂസേഴ്‌സ് ഫൈനലിലെത്തി. കാരിച്ചാലും (3.53.78) ചെറുതനയും (3.52.87) ഫസ്‌റ്റ് ലൂസേഴ്‌സിലേക്കും യോഗ്യതനേടി. മന്ത്രി പി എ മുഹമ്മദ് റിയാസ് ജലോത്സവം ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. ടെക്‌നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ അധ്യക്ഷനായി.









0 comments