പെരുമഴയിലും അണയാത്ത തീയായ്

പെരുമഴയിലും അണയാത്ത തീയായ്

സ്വന്തം ലേഖകൻ
Published on Jul 24, 2025, 02:45 AM | 1 min read
ആലപ്പുഴ
കുട്ടനാട്ടിലെ ചേറിൽനിന്ന് കേരള ചരിത്രത്തിലേക്ക് പടർന്ന സമരജ്വാലയെ ജന്മനാട് ഇടനെഞ്ചിലേറ്റുവാങ്ങി. തോരാതെ പെയ്ത മഴയിലും പുന്നപ്ര വയലാറിന്റെ ചുവന്നമണ്ണ് മറ്റൊരു സമരകാലം പോലെ ത്രസിച്ചുനിന്നു. വെള്ളിടിപോലെ പ്രവഹിച്ച, മൂർച്ചയേറിയ വാക്കുകേൾക്കാൻ ആവേശപൂർവം ഓടിയെത്തിയ അതേ ആൾത്തിരക്ക് വെടിയുണ്ടകളെ തോൽപ്പിച്ച സ്വാതന്ത്ര്യദാഹികളുടെ മണ്ണിൽ പ്രിയപുത്രനെ അവസാനയാത്രയിലും അനുഗമിച്ചു. കെപിഎസി ജങ്ഷനും നങ്ങ്യാർകുളങ്ങരയും ഹരിപ്പാടും തോട്ടപ്പള്ളിയും വി എസിന്റെ പുന്നപ്രയുമെല്ലാം ജനസാഗരമായി. പെയ്തുതുടങ്ങിയ മാനത്തെ തോൽപ്പിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനസഞ്ചയം രാവ് പകലാക്കി. കൊല്ലവും ചവറയും കരുനാഗപ്പള്ളിയും കടന്ന് ജനനായകൻ എത്തുമ്പോൾ ഒറ്റയ്ക്കൊറ്റയ്ക്ക് ഉയർന്ന മുദ്രാവാക്യങ്ങൾ ഒഴുകിച്ചേർന്ന് കടൽപോലെ അലയടിച്ചു. രാവിലെ 6.53ന് ജില്ലാ അതിർത്തിയിൽ വിലാപയാത്ര എത്തുമ്പോൾ മന്ത്രി സജി ചെറിയാൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, നേതാക്കളായ കെ എച്ച് ബാബുജാൻ, കെ പ്രസാദ്, എം സത്യപാലൻ, ജി ഹരിശങ്കർ, കെ ആർ ഭഗീരഥൻ, മനു സി പുളിക്കൽ, എ എം ആരിഫ്, എം ശിവപ്രസാദ്, ജനപ്രതിനിധികൾ, വർഗബഹുജന സംഘടന നേതാക്കൾ തുടങ്ങിയവർ കാത്തുനിന്നിരുന്നു. വി എസിന്റെ മൃതദേഹത്തിൽ ആർ നാസർ പുഷ്പചക്രം സമർപ്പിച്ചു. കലക്ടർ അലക്സ് വർഗീസ് ആദരമർപ്പിച്ചു. ഇരുചക്രവാഹനങ്ങളുടെയും പാർടിപ്രവർത്തകരുടെയും അകമ്പടിയിൽ സമരഗാഥകളുടെ പെരുന്തച്ചൻ ജന്മനാട്ടിലേക്ക് അവസാന യാത്ര തുടങ്ങി. പ്രിയ നേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങൾ തടിച്ചുകൂടി. ജില്ലയിലെ ആദ്യ പൊതുദർശനകേന്ദ്രമായ കായംകുളം കെപിഎസി ജങ്ഷനിൽ കെപിഎസി സെക്രട്ടറി എം ഷാജഹാൻ പുഷ്പചക്രം സമർപ്പിച്ചു.








0 comments