തീരത്ത് ചുവപ്പ് ജാഗ്രതാ നിർദേശം
60 വീട് തകർന്നു കാറ്റ്, ദുരിതത്തിര

കടലാക്രമണത്തിൽ തകർന്ന തൃക്കുന്നപ്പുഴ പാനൂർ തീരദേശ റോഡ്

സ്വന്തം ലേഖകൻ
Published on May 26, 2025, 12:45 AM | 1 min read
ആലപ്പുഴ
കാലവർഷത്തിൽ കടലാക്രമണം ശക്തമായതോടെ തീരത്ത് ചുവപ്പ് ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. ചെല്ലാനംമുതൽ അഴീക്കൽ ജെട്ടിവരെ തീരത്ത് 3.1 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നതിനാൽ തിങ്കൾ രാത്രിവരെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐഎൻസിഒഐഎസ്) ആണ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്. ജില്ലയുടെ തെക്ക് പടിഞ്ഞാറൻ തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ആറാട്ടുപുഴ പത്തിശേരി ജങ്ഷനിൽ മൂന്ന് വീട് ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. കനത്തമഴയിൽ ഞായർ പകൽ 12 വരെ കുട്ടനാട് താലൂക്കിൽ ഒരുവീട് പൂർണമായും ആമ്പലപ്പുഴയിൽ നാല് വീട് ഭാഗികമായും തകർന്നു. വേനൽമഴ ശക്തമായാതുമുതൽ ഇതുവരെ തകർന്ന വീടുകളുടെ എണ്ണം 31 ആയി. 29 വീട് ഭാഗികമായും രണ്ട് വീട് പൂർണമായും തകർന്നു. മരങ്ങൾ വീണ് കെഎസ്‌ഇബിക്കും വ്യാപകനാശമുണ്ടായിട്ടുണ്ട്. ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല. കടൽക്ഷോഭം രൂക്ഷമാകാമെന്നതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറുവള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നതും ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനയാനങ്ങൾ ഇറക്കുന്നത് പോലെതന്നെ അപകടകരമാണ് കരയ്‌ക്കടുപ്പിക്കുന്നതും. ആയതിനാൽ യാനങ്ങൾ കടലിലിൽ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ബീച്ചുകളിൽ വിനോദസഞ്ചാരമുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. മത്സ്യബന്ധനയാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടസാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.









0 comments