കായംകുളത്ത് 35 റോഡ് തുറന്നു

കായംകുളം മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ചതും ആരംഭിച്ചതുമായ 35 റോഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
മണ്ഡലത്തിൽ പൊതുമരാമത്ത്‌വകുപ്പിന്റെ 5.25 കോടി രൂപയും സംസ്ഥാന ബജറ്റിൽ അനുവദിച്ച 16.57 കോടി രൂപയും വിനിയോഗിച്ച് പൂർത്തീകരിച്ചതും നിർമാണം ആരംഭിക്കുന്നതുമായ 35 റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു. പൊതുമരാമത്ത്‌വകുപ്പിൽനിന്ന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നാലുകോടി വിനിയോഗിച്ച് നിർമാണം തുടങ്ങുന്ന, ദേവികുളങ്ങര – കൃഷ്‌ണപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓച്ചിറ– കൊച്ചുമുറി റോഡ്, 1.25 കോടി വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച നഗരസഭ വാർഡ് 34, 35 കെപിഎസി– ലക്ഷ്‌മി തിയറ്റർ റോഡ്, 2022–2023 സംസ്ഥാന ബജറ്റിൽ അനുവദിച്ച 5.84 കോടി വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച ദേവികുളങ്ങര, കണ്ടല്ലൂർ, പത്തിയൂർ, ചെട്ടികുളങ്ങര ഭരണിക്കാവ് പഞ്ചായത്തുകളിലെ 19 റോഡ്, 2024–2025 സംസ്ഥാന ബജറ്റിൽ 10 കോടി വിനിയോഗിച്ച് നിർമാണം ആരംഭിക്കുന്ന 14 റോഡ് എന്നിവയാണ് മന്ത്രി ഉദ്‌ഘാടനംചെയ്‌തത്. ദേവികുളങ്ങര പഞ്ചായത്തിലെ ചൂളൂർ യുപി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എൻജിനിയർ റിജോ തോമസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ പി ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പവനനാഥൻ, എൽ ഉഷ, തയ്യിൽ പ്രസന്നകുമാരി, ശ്രീഹരി കോട്ടിരേത്ത്, നഗരസഭ ഉപാധ്യക്ഷൻ ജെ ആദർശ് എന്നിവർ സംസാരിച്ചു.
വികസനപ്രവർത്തനങ്ങളിൽ പൊതുജനാഭിപ്രായത്തിന്
മുൻഗണന: മന്ത്രി പി എ മുഹമ്മദ് റയാസ്
കായംകുളം
ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചുള്ള വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലത്തിലെ 35 റോഡ് ഉദ്ഘാടനംചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ പറയുന്നത് കേൾക്കാനും വിമർശനങ്ങൾ സഹിഷ്‌ണുതയോടെ സ്വീകരിക്കാനും നിർദേശങ്ങൾ നടപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് റെസ്‌റ്റ് ഹൗസുകളിൽ ബുക്കിങ് ആരംഭിച്ചതോടെ നവംബർ ഒന്നാകുമ്പോഴേക്കും 30 കോടിയുടെ അധികവരുമാനം സർക്കാരിന് ലഭിക്കും.
സാധാരണ ജനങ്ങൾക്കടക്കം ചുരുങ്ങിയ ചെലവിൽ മുറികൾ ബുക്ക്‌ചെയ്യാനും ഇതിലൂടെ 2000ത്തിലധികം രൂപ ലാഭിക്കാനും കഴിയുന്നു. റെസ്‌റ്റ് ഹൗസുകളിൽനിന്ന് ലഭിക്കുന്ന അധികവരുമാനത്തിൽ ഒരു ചെറിയ തുക അതത് റെസ്‌റ്റ് ഹൗസുകൾക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.









0 comments