31 കിലോ കഞ്ചാവുമായി 3 ഇതരസംസ്ഥാനക്കാർ എക്‌സൈസ് പിടിയിൽ

ചേർത്തല റെയിൽവേ സ്‌റ്റേഷനിൽനിന്ന് 26 കിലോ കഞ്ചാവുമായി പിടിയിലായ പശ്ചിമബംഗാൾ സ്വദേശികൾ എക്‌സൈസ് സംഘത്തിനൊപ്പം

സ്വന്തം ലേഖകൻ
Published on Sep 16, 2025, 12:32 AM | 1 min read
ചേര്‍ത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് എക്‌സൈസ് നീക്കത്തിൽ 31 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ. ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അജ്‌റുള്‍ മുല്ല (35), സീമൂള്‍ (18) എന്നിവരാണ് ആദ്യം പിടിയിലായത്. 27 പാക്കറ്റിലായാണ് ഇവരുടെ പക്കൽ കഞ്ചാവുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് മൂന്നാമത്തെയാൾ പിടിയിലാകുന്നത്. ചേര്‍ത്തലയിൽ കൊണ്ടുവന്ന് ജില്ലയിൽ വിതരണത്തിന് എത്തിച്ചതാണ് കഞ്ചാവെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ചേർത്തലയിൽ കഞ്ചാവുമായി പിടിയിലായ ചിലരിൽനിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കിയുള്ള നീക്കത്തിലാണ് പ്രതികൾ വലയിലായത്. ഞായർ രാവിലെ ചെന്നൈ-–എഗ്‌മോര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുകാരുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ചേര്‍ത്തല എക്‌സൈസ് സിഐ ടി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് 26 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്. പ്രതികൾ ദിവസങ്ങളോളം നിരീക്ഷണത്തിലായിരുന്നു. ഞായർ പുലര്‍ച്ചെമുതല്‍ എക്‌സൈസ് സംഘം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്നു. ട്രെയിനിൽനിന്ന് കഞ്ചാവുമായി ഇറങ്ങിവരുമ്പോഴാണ് പിടികൂടിയത്. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജി അരുണിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് പുറത്തെടുത്ത് അളന്ന് തിട്ടപ്പെടുത്തി. കഞ്ചാവ് എവിടെനിന്നെന്നും ആര്‍ക്കാണ് എത്തിക്കുന്നതെന്നും ഉൾപ്പെടെ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് എക്‌സൈസ് സിഐ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എന്‍ ബാബു, അസി. ഇൻസ്‌പെക്‌ടർമാരായ ജയകുമാര്‍, വിജയകുമാര്‍, സജി, പ്രിവന്റീവ് ഓഫീസര്‍ മുസ്‌തഫ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനു, അശ്വതി, ഡ്രൈവര്‍ ബെന്‍സി എന്നിവർ സംഘത്തിലുണ്ടായി.ചേർത്തല പൊലീസ് സ്‌റ്റേഷനടുത്ത് ഹൈവേ പാലത്തിന് സമീപത്തുനിന്നാണ് അഞ്ച് കിലോ കഞ്ചാവുമായി 17കാരനായ പശ്ചിമബംഗാൾ സ്വദേേശി പിടിയിലായത്. റെയിൽവേ സ്‌റ്റേഷനിലെ ഓപ്പറേഷനിടെ രക്ഷപ്പെട്ട മൂന്നുപേരെ തെരയുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ സി എം സുമേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടിച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് എക്‌സൈസിനെ വെട്ടിച്ചുകടന്ന സംഘത്തില്‍പ്പെട്ടയാളാണെന്ന നിഗമനത്തിലാണ് അധികൃതർ. രണ്ട് കേസ് എക്‌സൈസ് രജിസ്‌റ്റര്‍ചെയ്‌തു. സംഭവത്തിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.









0 comments