6 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ

മങ്കൊമ്പ്
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും രാമങ്കരി പൊലീസും നടത്തിയ പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പുളിങ്കുന്ന് കായൽപ്പുറം കിഴക്കേ തലയ്ക്കൽ മാർട്ടിൻ- (36), പുളിങ്കുന്ന് വാലയത്ത് അറപ്പുറം വീട്ടിൽ റിനോജ് -(40) എന്നിവരെയാണ് പിടികൂടിയത്. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി എ സി റോഡിൽ കിടങ്ങറ പാലത്തിന് സമീപം ബുധൻ രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. റിനോജ് ഒഡീഷയിൽനിന്ന് കഞ്ചാവ് ബൈക്കിൽ നാട്ടിലെത്തിക്കുകയും മാർട്ടിൻ നാട്ടിൽ വിൽക്കുകയുമായിരുന്നു. ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് റിനോജ്. കുടുംബസമേതം ഹൈദരാബാദിൽ താമസിക്കുന്ന ഇയാൾ മാസത്തിൽ പല പ്രാവശ്യം അവധിക്ക് നാട്ടിൽ കഞ്ചാവ് എത്തിക്കുകയായിരുന്നു. കിലോയ്ക്ക് 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 40,000 - രൂപയ്ക്കാണ് വിറ്റിരുന്നത്. ഇവർക്ക് പിന്നിലെ ചെറുകിട വിതരണക്കാരെ എത്രയുംവേഗം പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ രാമങ്കരി എസ്എച്ച്ഒ ജയകുമാർ, എസ്ഐ സെബാസ്റ്റ്യൻ, സിപിഒമാരായ ജോസഫ്, സുൾഫിക്കർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.









0 comments