വള്ളികുന്നത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു

കാട്ടുപന്നി നശിപ്പിച്ച കൃഷിത്തോട്ടത്തിൽ കർഷകൻ വേണുഗോപാൽ
ചാരുംമൂട്
ജനവാസമേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകര്‍ വലയുന്നു. വള്ളികുന്നം പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ നിരവധി കർഷകരുടെ കൃഷിയാണ് കഴിഞ്ഞദിവസങ്ങളിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. ഒരാഴ്‌ചയായി കടുവിനാൽ ലക്ഷംവീട് പ്രദേശങ്ങളിൽ പന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കടുവിനാൽ വലിയവിളയിൽ വേണുഗോപാലന്റെ ഒരേക്കർ സ്ഥലത്തെ പകുതി പാകമായ മരച്ചീനി കാട്ടുപന്നികൾ കുത്തിയിളക്കി നശിപ്പിച്ചു. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിന്‍ തൈകളും നിരന്തരം നശിപ്പിക്കാൻ തുടങ്ങിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായത്. എന്ത് നട്ടാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുന്നതാണ് പതിവ്. കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ പകൽസമയത്ത് കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലിറങ്ങും. ഇതുകാരണം രാത്രി പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പന്നിശല്യം നിയന്ത്രിക്കാൻ അടിയന്തരനടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments