പതിനെട്ടും പയറ്റിയ രണ്ടായിരത്തിപ്പത്ത്

58-‑ാമത് നെഹ്റുട്രോഫി വള്ളംകളി മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി ഒന്നാമതെത്തുന്നു (ഫയൽ ചിത്രം)
ഫെബിൻ ജോഷി
ആലപ്പുഴ
ചെറുതനയിലും പായിപ്പാടനിലുമായി കുമരകം ടൗൺ ബോട്ട് ക്ലബ് നാല് വർഷം തുടർന്ന തേരോട്ടത്തിന് തടയിട്ടാണ് കൊല്ലം ജീസസ് ബോട്ട് ക്ലബ് പുന്നമടയിൽ തുടങ്ങുന്നത്. കടൽകുത്തിന്റെ മാസ്‌മരികതയ്‌ക്ക് പുന്നമടയിൽ എതിരാളികളില്ലായിരുന്നു. കാരിച്ചാലുമായി ചേർന്ന് 2008ലും 2009ൽ ചമ്പക്കുളത്തിലും വിജയികളായി. തുടർച്ചയായ മൂന്നാം വർഷവും നെഹ്‌റുട്രോഫിയുമായി കൊല്ലത്തെത്താം എന്ന പ്രതീക്ഷയിലായിരുന്നു 2010ലെ ഒരുക്കങ്ങൾ. കാരിച്ചാൽ–ജീസസ് കൂട്ടുകെട്ടിനെ മറ്റ് ടീമുകളെല്ലാം ഭയന്നു. വള്ളംകളിയിൽ വലിയ മാറ്റങ്ങളുമായാണ് ജിജി ജേക്കബിന്റെ സംഘമെത്തിയത്. ഇതിനായി മാസങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽനിന്ന് പരിശീലനം ഹൈറേഞ്ചിലേക്ക് മാറ്റി. തുഴക്കാർക്ക് ശരീരികക്ഷമതയും കരുത്തും നിലനിർത്തുന്നതിന് പ്രത്യേക ഭക്ഷണ ക്രമീകരണവും രീതികളും. ഇവയിൽപലതും വള്ളംകളിലോകത്തിന് ആദ്യകാഴ്‌ചയായിരുന്നു. ഹീറ്റ്‌സിൽ വിജയികളാകുന്നവർ ഫൈനൽ യോഗ്യത നേടിയിരുന്ന കാലത്ത്, ജീസസിന്റെ കുതിപ്പിൽ 2008ലും 2009ലും കെടിബിസി കനത്ത തിരിച്ചടി നേരിട്ടു. 2010 സീസണിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം വള്ളംകളിയിൽ കെടിബിസിയെ വള്ളപ്പാടുകൾക്ക് പിന്നിലാക്കി ജീസസ് വരവറിയിച്ചു. പുന്നമടയിലേക്ക് എത്താൻ കെടിബിസി ജവഹർ തായങ്കരിയെ കൂട്ടുപിടിച്ചു. നെഹ്‌റുട്രോഫി ട്രാക്ക് ആൻഡ് ഹീറ്റ്‌സ് നറുക്കെടുപ്പ് നടന്നു. ജീസസും കെടിബിസിയും ഒരേ ഹീറ്റ്‌സിൽ. മൂന്നാം ഹീറ്റ്‌സിൽ ജലരാജന്മാർ ഏറ്റുമുട്ടി. ഒന്നാം ട്രാക്കിൽ ജവഹർ, രണ്ടിൽ ഇല്ലിക്കളം മൂന്നിൽ കാവാലവും നാലിൽ കാരിച്ചാലും. സറ്റാർട്ട് വിസിൽ മുഴങ്ങിയതോടെ ജലരാജന്മാർ കുതിച്ചു. ജവഹറും ഇല്ലിക്കളവും കാരിച്ചാലും ഒപ്പത്തിനൊപ്പം. പുന്നമടയിൽ ആവേശം അലതല്ലി. എല്ലാ കണ്ണുകളും ഫിനിഷിങ് പോയിന്റിലേക്ക്. തുഴപ്പാടുകൾക്ക് കാരിയേയും ഇല്ലിക്കളത്തെതും പിന്നിലാക്കി ജവഹർ വിജയവരതൊട്ടു. പ്രധാന എതിരാളികളെ ഹീറ്റ്‌സിൽ തകർത്ത് ഫൈനലിൽ. യുബിസിയുടെ പായിപ്പാടനും കാവാലം കരുമാടിക്കുട്ടൻ ബോട്ട് ക്ലബ്ബിന്റെ ശ്രീഗണേഷനും കുമരകം ബോട്ട് ക്ലബ്ബിന്റെ പട്ടാറചുണ്ടനും അണിനിരന്ന ഫൈനലിൽ കുമരകം ടൗണിന്റെ സ്വപ്‌നവിജയം.









0 comments