ഓളക്കുളിരിൽ പരിശീലനച്ചൂട്


ഫെബിൻ ജോഷി
Published on Aug 12, 2025, 01:41 AM | 1 min read
ആലപ്പുഴ
ജലരാജാക്കന്മാർ നെട്ടായങ്ങളിലെത്തിക്കഴിഞ്ഞു. അരയുംതലയും മുറുക്കി തുഴക്കാരും ക്ലബുകളും കരക്കാരുമെല്ലാം അങ്കത്തിനൊരുങ്ങുകയാണ്. പമ്പയാറ്റിലും മണിമലയാറ്റിലും അച്ചൻകോവിലാറ്റിലും ഇനിയുള്ള ദിവസങ്ങളിൽ ‘കരിനാഗങ്ങൾ’ പായും. നാടൊന്നായി പിന്നാലെയും. തീരങ്ങളിൽനിന്ന് "ആർപ്പോ ഇർറോ' വിളികൾ മുഴങ്ങും. ആവേശം മുഴുവൻ പുന്നമടയിലേക്ക്. 18–-ാം നാൾ ആവേശപ്പോരിനൊടുവിൽ കായൽപ്പരപ്പിലെ പുതിയ രാജാവിന്റെ പട്ടാഭിഷേകം. 71–-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്ക് ആഴ്‌ചകൾമാത്രം ബാക്കിനിൽക്കെ ക്ലബുകളുടെ പരിശീലനങ്ങൾ നെട്ടായങ്ങളിൽമുറുകി. ജലമേളയിൽ മാറ്റുരയ-്ക്കുന്ന പ്രധാന വള്ളങ്ങളെല്ലാം ഇതിനകം നീരണിഞ്ഞുകഴിഞ്ഞു.
നെഹ്‌റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് 16 തവണ ഇടിത്തടിയിലെത്തിച്ച കാരിച്ചാൽ ചുണ്ടനാണ് പട്ടികയിലേക്ക് അവസാനമെത്തിയ വമ്പൻ. ആദ്യമായി പുന്നമടയിലെത്തുന്ന കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബാണ് ജലചക്രവർത്തിയുടെ തേരാളികൾ. 2024–-ൽ ഫോട്ടോ ഫിനിഷിൽ നഷ്‌ടമായ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ, വില്ലേജ് ബോട്ട് ക്ലബ് കൈനകരിയോടൊപ്പം ഇക്കുറിയുമെത്തുന്ന വീയപുരം ചുണ്ടൻ ഞായറാഴ്‌ച നീരണിഞ്ഞു. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം വിജയം മാത്രം ലക്ഷ്യമിട്ടെത്തുന്ന യുണൈറ്റഡ് ബോട്ട് ക്ലബിന് തലവടി ചുണ്ടനാണ് കൂട്ട്. ആഗസ്‌ത് മൂന്നിന് നീരണിഞ്ഞ ചുണ്ടനിൽ യുബിസിയുടെ ട്രയൽ പമ്പയാറിൽ പുരോഗമിക്കുകയാണ്.
കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയെറിയുന്ന പായിപ്പാടൻ ശനിയാഴ്‌ചയും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ വ്യാഴാഴ്‌ചയും നീരണിഞ്ഞു. തുടർച്ചയായി ആറാം കിരീടം ലക്ഷ്യമിട്ടെത്തുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടമാണ് നെഹ്‌റുട്രോഫിക്കായി ആദ്യം ആറുതൊട്ടത്. ജൂലൈ 27ന്. ആദ്യപോരിനിറങ്ങുന്ന ചങ്ങനാശേരി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലും ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലെപ്പറമ്പനിലുമാണ് മത്സരിക്കുന്നത്.
ആഗസ്‌ത് ആദ്യവാരം മുതൽ ക്യാമ്പുകൾ ആരംഭിച്ച് പരിശീലനവും പൂർത്തിയാക്കിയാണ് പ്രധാന ക്ലബുകൾ മത്സരവള്ളങ്ങളിലേക്കെത്തിയത്. രാവിലെയും വൈകുന്നേരവുമാണ് തുഴച്ചിൽ പരിശീലനം പുരോഗമിക്കുന്നത്.








0 comments