ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്​ അക്രമിസംഘം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2025, 12:02 AM | 1 min read

കാർത്തികപ്പള്ളി

അച്ഛന്റെ കൈപിടിച്ച്​ സ്​കൂൾകവാടം കടക്കുമ്പോഴും കുഞ്ഞു മിസ്​റിയയുടെ മിഴിതോർന്നിരുന്നില്ല. ഗേറ്റിന്​ പുറത്തെ തിരക്കിലേക്ക്​ എത്തുമ്പോൾ രണ്ടാംക്ലാസുകാരി അച്ഛനോട്​ ചേർന്നു. കുറെക്കൂടെ ശക്തിയിൽ കൈയിൽത്തൂങ്ങി. ‘മോൾ പേടിച്ചുപോയോ’ എന്ന ചോദ്യത്തിന്​ മെല്ലെയൊന്ന്​ തലയാട്ടി. ‘അവൾ പേടിച്ചുപോയി. കരയുകയായിരുന്നു ’ അച്ഛന്റെ മറുപടി. കാർത്തികപ്പള്ളി യുപി സ്​കൂളിനുനേരെ യൂത്ത്​ കോൺഗ്രസ്​, കെഎസ്​യു പ്രവർത്തകർ സൃഷ്​ടിച്ച ഭീകരാന്തരീക്ഷം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയുമെല്ലാം ഒരുപോലെ ആശങ്കയിലാക്കി. തിങ്കൾ രാവിലെ കാർത്തികപ്പള്ളി സ്​കൂ​ളിന്​ മുന്നിൽ സിപിഐ എമ്മും മറ്റ്​ രാഷ്​ട്രീയ പാർടികളും രമേശ്​ ചെന്നിത്തല എംഎൽഎയ്​ക്കും കോൺഗ്രസ്​ ഭരിക്കുന്ന ചിങ്ങോലി പഞ്ചായത്തിനെതിരെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ ശാന്തമായി നടന്നതോടെ കുട്ടികളെ സ്​കൂളിലാക്കി ആശങ്കകളില്ലാതെയാണ്​ രക്ഷിതാക്കളിൽ വീട്ടിലേക്ക്​ മടങ്ങിയത്​. എന്നാൽ വീട്ടിലെത്തുംമുമ്പ്​ അക്രമത്തിന്റെ വാർത്തകളറിഞ്ഞ്​ രക്ഷിതാക്കളോടിയെത്തി​. സ്​കൂ‍ളിലേക്ക്​ ഇരച്ചുകയറിയ യൂത്ത്​ കോൺഗ്രസ്​, കെഎസ്​യു നേതാക്കൾക്ക്​ പിന്നാലെയെത്തിയ രക്ഷിതാക്കളിൽ പലരും തടയാൻ ശ്രമിച്ചെങ്കിലും പട്ടികയിൽ കെട്ടിയ കൊടികൾ വീശി വളഞ്ഞവരുടെ ആക്രോശമായിരുന്നു മറുപടി. കുട്ടികൾ പേടിച്ച്​ കരയുകയാണെന്ന്​ പറഞ്ഞിട്ടും ഫലമുണ്ടായില്ല. വിദ്യാഭ്യാസ ഉപഡയറക്​ടറുടെയും തഹസിൽദാറുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിനെത്തിയ വനിതാ ജനപ്രതിനിധികളടക്കം അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുന്നിൽ കണ്ടതെല്ലാം തകർത്ത്​ അക്രമിസംഘം അഴിഞ്ഞാടിയതോടെ ക്ലാസ്​മുറികൾ അടച്ച്​ കുട്ടികളെ സുരക്ഷിതരാക്കി അധ്യാപകർ കവചമൊരുക്കി. അപ്പോഴേക്കും സമരക്കാർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും സ്​കൂളിന്​ മുന്നിൽ തടിച്ചുകൂടി. കൂടുതൽ രക്ഷിതാക്കളെത്തിയതോടെ യൂത്ത്​ കോൺഗ്രസ്​, കെഎസ്​യു നേതാക്കൾ​ പതറി. നേതാക്കളോട്​ രക്ഷിതാക്കളിൽ പലരും തട്ടിക്കയറി. ഡിസിസി പ്രസിഡന്റ്​ അടക്കമുള്ള നേതാക്കൾക്കും മറുപടിയില്ലാതായി. സ്​കൂളിനെ അപകീർത്തിപ്പെടുത്താനാണ്​ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും രക്ഷിതാക്കൾ പരാതി ഉയർത്തി. അക്രമത്തിൽ സ്​കൂളിനുണ്ടായ നാശനഷ്​ടം പകർത്താൻ​ മാധ്യമപ്രവർത്തകരോട്​ ആവശ്യപ്പെട്ടു. സമരക്കാരെ അറസ്​റ്റ്​ ചെയ്​ത്​ സ്​കൂൾ അങ്കണത്തിന്​ പുറത്തെ വാഹനത്തിലെത്തിക്കാനായിരുന്നു പൊലീസ്​ നീക്കം. ജാള്യത മറയ്​ക്കാൻ പ്രകോപന മുദ്രാവാക്യവുമായി സമരക്കാർ പുറത്തേക്ക്​ നീങ്ങി. അക്രമസമരക്കാരെ നേരിടാൻ നാട്ടുകാർ തയ്യാറെടുത്തതോടെ, പൊലീസ്​ വാഹനം സ്​കൂളിനകത്തെത്തിച്ച്​ പ്രവർത്തകരെ അറസ്റ്റുചെയ്​ത്​ നീക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home