പുലിമുട്ട് നിർമാണം 2 ദിവസത്തിനുള്ളിൽ പുനരാരംഭിക്കും

അമ്പലപ്പുഴ
കാക്കാഴം നീർക്കുന്നം ഭാഗത്തെ നിർത്തിവച്ച പുലിമുട്ട് നിർമാണം രണ്ട് ദിവസത്തിനുള്ളിൽ പുനരാരംഭിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണത്തിന്റെ രണ്ടാംഘട്ടം മേയിലാണ് ആരംഭിച്ചത്. കാലവർഷം മൂലം നിർവഹണ ഏജൻസിയായ കിഡ്ക് നിർമാണം നിർത്തിവയ്‌ക്കുകയായിരുന്നു. ഫേസ് രണ്ടിൽ 60 കോടി രൂപ ചെലവിൽ കാക്കാഴം- നീർക്കുന്നം തീരത്താണ് പുലിമുട്ട് നിർമിക്കുന്നത്. 70 കോടി രൂപ ചെലവിൽ കോമന മുതൽ കാക്കാഴംവരെയും, വണ്ടാനം പുന്നപ്ര ഭാഗത്ത് 30 പുലിമുട്ടുകളും, 40 മീറ്റർ കടൽഭിത്തിയും ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ 1.8 കിലോമീറ്റർ നീളത്തിൽ 19 പുലിമുട്ടുകളാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്. ഒന്നര വർഷം മുമ്പ് കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായെങ്കിലും കടലിന്റെ ആഴത്തിൽ വന്ന വ്യത്യാസവും പാറയുടെ ലഭ്യതക്കുറവും വിലയിൽ വന്ന വ്യത്യാസവും സാങ്കേതിക പ്രശ്‌നങ്ങളും നിർമാണത്തിന് തടസമായി. തുടർന്ന് കോന്നി മെഡിക്കൽ കോളേജ് സ്ഥലത്ത് സൂക്ഷിച്ചിരുന്ന പാറക്കല്ലുകൾ എടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇറിഗേഷൻ, റവന്യൂ, ആരോഗ്യ വകുപ്പുകൾ സംയുക്ത യോഗം ചേർന്ന് കൈക്കൊണ്ട നിർദ്ദേശം സർക്കാർ അംഗീകരിച്ച് ഉത്തരവാകുകയും ചെയ്തു. എംഎൽഎയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മന്ത്രിയുടെ ചേംബറിൽ അടിയന്തര യോഗം വിളിച്ചു. എച്ച് സലാം എംഎൽഎ, കിഡ്ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് തിലകൻ, ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, ജനറൽ മാനേജർ കെ എസ് ശോഭ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു എന്നിവർ പങ്കെടുത്തു.









0 comments