കായലിൽ വള്ളംമുങ്ങി ഒരാളെ കാണാതായി; 4 പേർ രക്ഷപ്പെട്ടു

സുശീലയെ സ്‍പീഡ് ബോട്ടിൽ അമൽ രക്ഷിക്കുന്നു
മാരാരിക്കുളം
വേമ്പനാട്ട് കായലിൽ കാറ്റിലും കോളിലുംപെട്ട് വ്യത്യസ്‌ത സ്ഥലങ്ങളിൽ വള്ളങ്ങൾ മറിഞ്ഞ് ഒരു തൊഴിലാളിയെ കാണാതായി. ഒരു സ്‌ത്രീ ഉൾപ്പെടെ നാല് പേർ രക്ഷപ്പെട്ടു. രണ്ട് പേരെ പുരവഞ്ചിക്കാരും ഒരാളെ സ്‌പീഡ് ബോട്ടുമാണ് രക്ഷിച്ചത്. ഒരു തൊഴിലാളി നീന്തി രക്ഷപ്പെടുകയായിരുന്നു. വള്ളങ്ങളും എൻജിനും തൊഴിൽ ഉപകരണങ്ങളും നഷ്‌ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. തിങ്കൾ രാവിലെ 8.30 ഓടെയാണ് സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് 10–ാംവാർഡിൽ കൈതവളപ്പിൽ വീട്ടിൽ സജിമോനെ (കൊച്ചുമോൻ– 54) യാണ് കാണാതായത്. ആര്യാട് ചെമ്പന്തറ വെട്ടക്കടവ് സുശീല (68), മണ്ണഞ്ചേരി ആറാം വാർഡിൽ കരിമുറ്റത്ത് ഷിബു, മുഹമ്മ ഒമ്പതാംവാർഡിൽ മറ്റത്തിൽ വാസവൻ (72), മുഹമ്മ കായിപ്പുറം മാപ്പിളശേരിൽ പ്രസന്നൻ (69) എന്നിവരാണ് രക്ഷപ്പെട്ടത്. അടുത്ത് കക്ക വാരിയിരുന്ന പ്രദേശവാസിയായ രാജേന്ദ്രൻ കരയ്‌ക്കെത്തി പറഞ്ഞപ്പോഴാണ് സജിമോനെ കാണാതായ വിവരം നാട്ടുകാർ അറിയുന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പലതവണ തിരച്ചിൽ നടത്തി. വൈകിട്ട് 6.30ഓടെ തിരച്ചിൽ അവസാനിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം ഷാനവാസ് തുടങ്ങിയവർ സ്ഥലത്തെത്തി. ചൊവ്വാഴ്‌ച രാവിലെ തെരച്ചിൽ തുടരും. പുന്നമട കിഴക്ക് ഭാഗത്ത് വള്ളംമറിഞ്ഞ് മരണത്തെ മുഖാമുഖം കണ്ട സുശീലയെ സ്‌പീഡ് ബോട്ടിലെത്തിയ കുപ്പപ്പുറം കായലിൽപറമ്പിൽ അമലാണ് (അപ്പു) രക്ഷിച്ചത്. ചേർത്തല പോളിടെക്‌നിക് കോളേജ് വിദ്യാർഥിയാണ് അമൽ. പൊന്നാട് ദേശീയ ജലപാതയ്‌ക്ക് കിഴക്കാണ് ഷിബുവിന്റെ വള്ളം മുങ്ങിയത്. മുങ്ങുന്ന വള്ളം അതിലെ പോയ കെഎൽവി 1281/84 എന്ന പുരവഞ്ചിയിൽ ചാരുകയും വള്ളം താഴ്‌ന്നുപോകുകയുമായിരുന്നു. തുടർന്ന് ആ പുരവഞ്ചിയിൽ തൂങ്ങി അകത്ത് കയറിയാണ് ഷിബു രക്ഷപ്പെട്ടത്. ഏകദേശം 75,000 രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. മറ്റത്തിൽ വാസവൻ റാണി കായലിന് സമീപം കക്ക വാരുമ്പോഴാണ് വള്ളം മുങ്ങിയത്. കുറേ നേരം നീന്തി ചിത്തിരപ്പള്ളി ഭാഗത്ത് കയറിയാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമെത്തി വീട്ടിൽ കൊണ്ടുവരികയായിരുന്നു. മാപ്പിളശേരി പ്രസന്നൻ പൊന്നാട് കിഴക്ക് വള്ളംമുങ്ങിയാണ് അപകടത്തിൽപ്പെട്ടത്. അരമണിക്കൂറോളം കഴുക്കോലിൽ പിടിച്ച് കിടന്ന പ്രസന്നനെ പുരവഞ്ചി ജീവനക്കാരാണ് രക്ഷിച്ചത്. സ്‌പൈസ് കോസ്റ്റ് ക്രൂയിസ് ബോട്ടിലെ തൊഴിലാളികളായ ഡാർവിൻ പി മഹി, സനൽ, സുധീർ എന്നിവർ ചേർന്നാണ് പുത്തനങ്ങാടിയിൽ എത്തിച്ചത്. ഇവരുടെ മാനേജർ ജോബി ഈ സമയം ആംബുലൻസ് വിളിച്ചുവരുത്തി പ്രസന്നനെ മുഹമ്മ ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷ നൽകി.









0 comments