കന്നിക്കാരായി നടുവിലേപ്പറമ്പനും ഇമ്മാനുവലും

നെഹ്റുട്രോഫി വള്ളംകളിക്കായി കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ മുത്തേരിമടയിൽ പരിശീലനം നടത്തുന്നു
ഫെബിൻ ജോഷി
ആലപ്പുഴ
ചീപ്പുങ്കൽ പെണ്ണാർതോടിന്റെ ഓളപ്പരപ്പിലേക്ക് ഒഴുകിയിറങ്ങിയത് മുതൽ കുമരകത്തിന്റെ ഹൃദയത്തുടിപ്പാണ് നടുവിലേപ്പറമ്പൻ ചുണ്ടൻ. കന്നിക്കാരായി പുന്നമടയിലേക്ക് എത്തുന്നതെങ്കിലും നടുവിലേപ്പറമ്പനും ഇമ്മാനുവൽ ബോട്ട് ക്ലബിനും ലക്ഷ്യം ഒന്നുമാത്രം- ഏതു ചുണ്ടനും കൊതിക്കുന്ന ആ വെള്ളിക്കപ്പ്. കുമരകം പുത്തൻപള്ളി പാരിഷ് ഹാളിൽ ആഗസ്ത് 15 നാണ് ക്യാമ്പ് ആരംഭിച്ചത്. ഹരിയാന, കശ്മീർ സംസ്ഥാനങ്ങളിലെ 22 പ്രൊഫഷണൽ താരങ്ങൾ ഉൾപ്പെടെ 87പേർ ക്യാമ്പിലുണ്ട്. രാവിലെയും വൈകിട്ടും മുത്തേരിമടയിലാണ് പരിശീലനം. മുൻ കാനോയിങ്, കയാക്കിങ് താരം റോച്ചാ സി ചാക്കോയാണ് ലീഡിങ് ക്യാപ്റ്റന്റെയും മുഖ്യ പരിശീലകന്റെയും റോളിൽ. സഹോദരങ്ങളായ എബ്രഹാം ഫെലിക്സ് ക്യാപ്റ്റനും ജിഫി ഫെലിക്സ് ഒന്നാം അമരവുമാണ്. ബോട്ട് ക്ലബ് പ്രസിഡന്റ് മറ്റൊരു സഹോദരൻ ജോഫി ഫെലിക്സും. ഒന്നാം തുഴ വി പി അനുമോൻ. വിധു ബോസ് ക്ലബ് സെക്രട്ടറി. കോഴിമുക്ക് നാരായണൻ ആചാരിയുടെ മൂത്ത മകൻ ഉമാമഹേശ്വരൻ ഇല്ലിക്കളം ചുണ്ടനായി നിർമിച്ച വള്ളം 2009-ലാണ് നീരണിയുന്നത്. പുതിയ വള്ളം നീരണിഞ്ഞ വർഷം കുമരകം ടൗൺ ബോട്ട് ക്ലബ് നെഹ്റു ട്രോഫി മത്സരത്തിൽ തുഴഞ്ഞു. തുടർന്ന് കുമരകം ബോട്ട് ക്ലബ്, കൊല്ലം ജീസസ്, വേമ്പനാട്, വില്ലേജ്, എമിറേറ്റ്സ് ചേന്നങ്കരി തുടങ്ങിയ പ്രശസ്ത ടീമുകൾ തുഴയെറിഞ്ഞു. 2020-ൽ ജിഫി ഫെലിക്‌സ് വിലയ്‌ക്ക് വാങ്ങിയശേഷം നടന്ന അറ്റകുറ്റപ്പണിയിൽ ഉമാമഹേശ്വരൻ ആചാരിയുടെ സഹോദരൻ സാബു നാരായണൻ ആചാരി അമരം താഴ്‌ത്തി ബലപ്പെടുത്തി. നടുവിലേപ്പറമ്പൻ എന്ന പേരിൽ നീരണിഞ്ഞ ചുണ്ടൻ ആദ്യമായി മത്സരിച്ച 2022ലെ കന്നേറ്റി വള്ളംകളിയിൽ കപ്പുതൊട്ടു. പുന്നമടയിലെ കന്നിയങ്കത്തിലും ചരിത്രം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇമ്മാനുവൽ ബോട്ട് ക്ലബും നടുവിലെപ്പറമ്പൻചുണ്ടനും.









0 comments