ശേഖരിച്ചത് 124.75 കിലോ മാലിന്യം
ഇക്കോ ബാങ്കിൽ വൻ ഇൻ‘വേസ്‌റ്റ്‌മെന്റ് ’

ക്ലീൻ കേരള കമ്പനിയുടെ കണിച്ചുകുളങ്ങരയിലെ ഇക്കോ ബാങ്കിൽ ജെെവമാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ
ഗോകുൽ ഗോപി
Published on Oct 07, 2025, 01:07 AM | 1 min read
ആലപ്പുഴ
ജില്ലയിൽ ആംരംഭിച്ച ഇക്കോ ബാങ്കിൽ ഇതുവരെ എത്തിയത് 124.75 കിലോ മാലിന്യം. വീട്– സ്ഥാപന മാറ്റങ്ങൾ, നിർമാണങ്ങൾ, ആഘോഷവേളകൾ തുടങ്ങി വിവിധ സന്ദർഭങ്ങളിലുണ്ടാകുന്ന അജൈവ മാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ സംസ്ഥാന സർക്കാർ നിർദേശമനുസരിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ഇക്കോ ബാങ്ക്. കമ്പനിയുടെ കണിച്ചുകുളങ്ങരയിലെ ഗോഡൗണിലാണ് ഇക്കോ ബാങ്ക്.
10,000 ചതുരശ്രയടിയായ ഗോഡൗണിൽ സെപ്തംബർ 10 മുതലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ആവശ്യകതയ്‌ക്കനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ശേഖരിച്ചവയിൽ പുനഃചംക്രമണം ചെയ്യാൻ കഴിയുന്നവയ്‌ക്ക് വില നൽകും. മറ്റുള്ളവ ചെറിയ തുക ഈടാക്കിയാണ് പ്രവർത്തനം. അജൈവ പാഴ്‌വസ്‌തുക്കൾ ചാക്കിൽ പായ്‌ക്ക്ചെയ്‌ത് ഇക്കോ ബാങ്കിലെത്തിക്കാം. ഭക്ഷണ അവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിട്ടറി മാലിന്യം, അപകടകരമായ രാസവസ്‌തുക്കൾ നിറച്ച കണ്ടെയ്നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ സ്വീകരിക്കുന്നതല്ല. മറ്റെല്ലാ അജൈവ പാഴ് വസ്‌തുക്കളും ഇലക്‌ട്രോണിക്ക് മാലിന്യവും സ്വീകരിക്കും.
ഇക്കോ ബാങ്കുകൾ മാലിന്യ സംസ്കരണ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കി. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമൊപ്പം പൊതുജനങ്ങളെ ഉത്തരവാദിത്തങ്ങളിലേക്ക് പ്രേരിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
അജൈവ മാലിന്യം സംസ്‌കരിക്കാൻ പുത്തൻ ചുവടുവയ്‌പാണ് ഇക്കോ ബാങ്കിലൂടെ കമ്പനി നടത്തുന്നതെന്ന് ജില്ലാ മാനേജർ എസ് സാനി നായർ പറഞ്ഞു. ഫോൺ: 0477-2283800









0 comments