ശേഖരിക്കുന്നത് ഹരിതകർമസേന
ഇ-– മാലിന്യത്തിനും പൊന്നുംവില

സ്വന്തം ലേഖകൻ
ആലപ്പുഴ
വീടുകളില്‍ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌സ് മാലിന്യം ഓർത്ത് ആരും ബുദ്ധിമുട്ടേണ്ട. അവ പണം നല്‍കി ഇനി ഹരിത കര്‍മസേന ശേഖരിക്കും. ജില്ലയിലെ ആറ് നഗരസഭകളിലാണ് ആദ്യഘട്ടം പ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുനരുപയോഗിക്കാൻ സാധിക്കുന്ന മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഇവയ്ക്ക് തൂക്കത്തിനനുസരിച്ച് പണം ശേഖരിക്കുമ്പോഴേ നൽകും. ജില്ലയിൽ പദ്ധതി നടത്തിപ്പിനായി തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ അധ്യക്ഷനായി ഓൺലൈൻ അവലോകനയോഗം ചേർന്നു. ശേഖരിക്കേണ്ട ഇ–-മാലിന്യങ്ങൾ, പുനരുപയോഗിക്കാൻ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഹരിത കര്‍മസേന അംഗങ്ങൾക്ക് പരിശീലനം നൽകാൻ ക്ലീൻ കേരള കമ്പനിയെ ചുമലപ്പെടുത്തി. ശേഖരിക്കുന്ന മാലിന്യം ഹരിതകർമസേന ക്ലീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്. കമ്പനി ഇത് ചേർത്തലയിലെ ഗോഡൗണിൽ എത്തിച്ച് വേർതിരിക്കും. ഉപയോഗിക്കാൻ സാധിക്കുന്നവ പുനരുപയോഗത്തിന് കൈമാറും. ഉപയോഗിക്കാൻ സാധിക്കാത്തവ നശിപ്പിക്കാൻ ഗവ.അംഗീകൃത എജൻസികൾക്ക് നൽകും. നിലവിൽ സർക്കാർ സ്ഥാപനങ്ങൾ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇ–-മാലിന്യം കമ്പനി ശേഖരിക്കുന്നുണ്ട് . കിലോയ്‌ക്ക് 10 രൂപയാണ് നൽകുന്നത്. ഈ വർഷം മെയ് വരെ 267 ടൺ തരംതിരിച്ച പാഴ്‌വസ്‌തുക്കളും 513 ടൺ നിഷ്‌ക്രിയ പാഴ്‌വസ്‌തുക്കളും 72 ടൺ ഗ്ലാസും ആറ് ടൺ ഇ–-മാലിന്യവും കമ്പനി നീക്കി.









0 comments