ദേശീയപാതയിലെ അപകടം

ദുരന്തം വഴിമാറിയത്‌ തലനാരിഴയ്‌ക്ക്‌

ദേശീയപാതയിൽ ചേർത്തല പൊലീസ്‌ സ്‌റ്റേഷന്‌ വടക്ക്‌ കെഎസ്‌ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസ്‌ അപകടത്തിൽപ്പെട്ടയിടം. കോൺക്രീറ്റിങ്ങിന്‌ സ്ഥാപിച്ച കന്പിഭിത്തി ബസിടിച്ചിട്ടും തകരാത്ത നിലയിൽ

ദേശീയപാതയിൽ ചേർത്തല പൊലീസ്‌ സ്‌റ്റേഷന്‌ വടക്ക്‌ കെഎസ്‌ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസ്‌ അപകടത്തിൽപ്പെട്ടയിടം. കോൺക്രീറ്റിങ്ങിന്‌ സ്ഥാപിച്ച കന്പിഭിത്തി ബസിടിച്ചിട്ടും തകരാത്ത നിലയിൽ

avatar
ടി പി സുന്ദരേശൻ

Published on Sep 17, 2025, 12:50 AM | 1 min read

ചേർത്തല
ദേശീയപാതയിൽ ചേർത്തല പൊലീസ്‌ സ്‌റ്റേഷന്‌ വടക്ക്‌ കെഎസ്‌ആർടിസി ബസ്‌ അപകടത്തിൽപ്പെട്ടയിടത്ത്‌ വൻദുരന്തം ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌. പാലവും അടിപ്പാതയും പൂർത്തിയാക്കാൻ അതിസങ്കീർണ നിർമാണപ്രവർത്തനം നടക്കുന്നയിടത്ത്‌ അപകടസാധ്യതയേറെ. അതിനനുസരിച്ച്‌ മുൻകരുതൽ ഇവിടെ ഏർപ്പെടുത്താത്തത്‌ ഭീഷണിയാണ്‌. ​ നിർമാണസ്ഥലത്ത്‌ ഇരുദിശകളിൽനിന്നും എത്തുന്ന വാഹനങ്ങളെ ഡ്രൈവർമാർക്ക്‌ പരസ്‌പരം കാണാനാകാത്തതാണ്‌ പ്രധാനപ്രശ്‌നം. അടിപ്പാതയുടെ ഭിത്തി തെക്കുഭാഗത്ത്‌ മാത്രമാണ്‌ പൂർണമായി നിർമിച്ചത്‌. വടക്ക്‌ പാതിഭാഗത്ത്‌ മാത്രമാണ്‌ കോൺക്രീറ്റിങ്‌ പൂർത്തിയായത്‌. ശേഷിക്കുന്ന ഭാഗത്ത്‌ കോൺക്രീറ്റ്‌ അടിത്തറയിൽനിന്ന്‌ വ്യാസമേറിയ കന്പി ഉയരെ നിരായായി സ്ഥാപിച്ചു. ഇവിടെയാണ്‌ കോൺക്രീറ്റ്‌ നടത്താനുള്ളത്‌. ഇ‍ൗഭാഗത്താണ്‌ വടക്കുനിന്ന്‌ എത്തിയ ബസ്‌ ഇടിച്ചുകയറിയത്‌. ​ ഇടിച്ചയിടത്ത്‌ കന്പികൾ അൽപ്പം ചാഞ്ഞതല്ലാതെ തകർന്നില്ല. അതുകാരണമാണ്‌ ബസ്‌ അടിപ്പാതയുടെ ഉള്ളിലേക്ക്‌ പ്രവേശിച്ച്‌ മറുവശത്തെ കോൺക്രീറ്റ്‌ ഭിത്തിയിലിടിക്കാതിരുന്നത്‌. അതും അപകടത്തിന്റെ തീവ്രത കുറച്ചു. അടിപ്പാതയുടെ വടക്കുഭാഗത്തെ ഭിത്തി ഒഴിവാക്കി വാഹനം കടന്നുപോകുക ഡ്രൈവർ ലക്ഷ്യമാക്കിയതായാണ്‌ നിഗമനം. ശേഷിക്കുന്ന ഭാഗത്തെ കന്പിഭിത്തി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടുകാണില്ലെന്ന നിഗമനവും ഉണ്ട്‌. പച്ചനിറത്തിലെ കന്പി ആകയാൽ ഇരുളിൽ കാണുക പ്രയാസമാണെന്നും ഡ്രൈവർമാർ പറയുന്നു. ​ ബസ്‌ ഒരടിയോളം കിഴക്കോട്ട്‌ മാറിയാണ്‌ എത്തിയതെങ്കിൽ കരുത്തൻ കോൺക്രീറ്റ്‌ ഭിത്തിയിലിടിച്ച്‌ പൂർണാമായി തകരുമായിരുന്നു. യാത്രക്കാരുടെ ജീവഹാനിയാകും സംഭവിക്കുമായിരുന്നു.


മുന്നറിയിപ്പ്‌ സംവിധാനം ഫലപ്രദമല്ല

പാതയുടെ പടിഞ്ഞാറുവശംവഴിയാണ്‌ ഇരുദിശകളിലേക്കും ഇവിടെ വാഹനം കടന്നുപോകുന്നത്‌. വടക്കുനിന്ന്‌ എത്തുന്ന വാഹനങ്ങൾ പാതയുടെ പടിഞ്ഞാറെ ഓരത്തേക്ക്‌ മാറിവേണം കടന്നുപോകാൻ. ഇങ്ങനെ അതിസങ്കീർണഘടനയുള്ളയിടത്ത്‌ മുന്നറിയിപ്പ്‌ സംവിധാനം ആവശ്യത്തിനില്ല. അടിപ്പാതയുടെ ഭിത്തിയിൽനിന്ന്‌ അഞ്ച്‌ മീറ്ററോളം മാത്രം മുന്നിലാണ്‌ വാഹനം ഗതിമാറ്റണമെന്ന്‌ മുന്നറിയിപ്പ്‌ റോഡിൽ സ്ഥാപിച്ചിട്ടുള്ളത്‌. അത്‌ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സാധ്യതയേറെയാണ്‌. രാത്രി വെളിച്ചമില്ലാത്തതും ഭീഷണിയാണ്‌. ദൂരെയെത്തുന്പോൾത്തന്നെ ജാഗ്രതാ മുന്നറിയിപ്പ്‌ സംവിധാനം ഒരുക്കുക അനിവാര്യമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home