പൊൻവാക്ക്‌ തടഞ്ഞത്‌ 37 ശൈശവവിവാഹം

ശൈശവവിവാഹം
avatar
ഫെബിൻ ജോഷി

Published on May 24, 2025, 12:37 AM | 1 min read

ആലപ്പുഴ

ശൈശവവിവാഹം പൂർണമായി തടയാൻ സർക്കാരും വനിതാ ശിശു വികസന വകുപ്പും 2021ൽ ആരംഭിച്ച ‘പൊൻവാക്ക്‌’ പദ്ധതി നാല്‌ വർഷത്തിനിടെ തടഞ്ഞത്‌ 37 ശൈശവവിവാഹം. 2021–-22 ൽ 14 ശൈശവവിവാഹം തടഞ്ഞു. 2022–-23ൽ 10, 2023–-24ൽ അഞ്ച്‌, 2024–-25ൽ എട്ട്‌ എന്നിങ്ങനെയാണ്‌ കണക്ക്‌. കൂടുതൽ ശൈശവ വിവാഹങ്ങൾ തടഞ്ഞത്‌ മലപ്പുറം ജില്ലയിലാണ്‌ –- 13. 2021–-22ൽ മാത്രം 10 വിവാഹം മലപ്പുറത്ത്‌ തടഞ്ഞു. എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ശൈശവ വിവാഹ വിവരങ്ങൾ ലഭിച്ചിട്ടില്ല. ശൈശവ വിവാഹത്തെ കുറിച്ച്‌ വിവരം നൽകുന്ന വ്യക്തിക്ക് 2,500 രൂപ പാരിതോഷികം നൽകും. വിവരം നൽകുന്ന വ്യക്തിയുടെ പേര്‌ പരസ്യപ്പെടുത്തുകയോ വിവരാവകാശനിയമപ്രകാരം നൽകുകയോ ഇല്ല. നാല്‌ വർഷത്തിനിടെ പാരിതോഷികമായി 90,000 രൂപ വിതരണംചെയ്‌തു. ബ്ലോക്കുകൾ കേന്ദ്രീകരിച്ച്‌ 258 ശൈശവവിവാഹ നിരോധന ഓഫീസർമാർ (ചൈൽഡ്‌ ഡവലപ്പ്‌മെന്റ്‌ പ്രൊജക്‌ട്‌ ഓഫീസർ) പ്രവർത്തിക്കുന്നു. ശൈശവ വിവാഹത്തിന്‌ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കും. മാതാപിതാക്കൾക്കും പെൺകുട്ടിക്കും കൗൺസലിങ്ങും നൽകും. സമയത്ത്‌ അറിയിപ്പ്‌ ലഭിക്കാത്തതിനാൽ ശൈശവവിവാഹം തടയാൻ പറ്റാത്ത സാഹചര്യമുണ്ട്‌. ഇതിന് നിർബന്ധിതരായ പെൺകുട്ടികൾ പലപ്പോഴും കൗമാരത്തിൽ ഗർഭിണികളാകാം. ഗർഭധാരണത്തിലും പ്രസവത്തിലും സങ്കീർണത ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശൈശവ വിവാഹം സമൂഹത്തിലുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ജനകീയ പ്രതിരോധം ഒരുക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. വിവരങ്ങൾ
അറിയിക്കേണ്ടത് എങ്ങനെ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശൈശവവിവാഹ നിരോധന ഓഫീസർ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ എന്നിവരെ അറിയിക്കാം. ponvakku [email protected] എന്ന ഇമെയിലിലും വിവരം നൽകാം. കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ പേര്, മേൽവിലാസം അല്ലെങ്കിൽ വ്യക്തമായി തിരിച്ചറിയാൻ പര്യാപ്തമായ മറ്റു വിവരങ്ങൾ എന്നിവ ഉണ്ടാകണം.



deshabhimani section

Related News

View More
0 comments
Sort by

Home