തെരുവുനായ ആക്രമണം
വയോധികയടക്കം 4 പേർക്ക് പരിക്ക്

ചെങ്ങന്നൂർ/കായംകുളം
ചെങ്ങന്നൂരിലും കായംകുളത്തും തെരുവുനായയുടെ ആക്രമണത്തിൽ വയോധികയടക്കം നാല് പേർക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂരിൽ വെൺമണി പുന്തല ആലുംതുരുത്തിയിൽ ഷാജി, പുന്തല മണ്ണിൽ മേലേത്തെതിൽ നസീർ, ഞെട്ടൂർ ഫാത്തിമ മൻസിലിൽ സലിം എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴം പകൽ 11 ഓടെയാണ് നസീറിനെ വീട്ടുവളപ്പിൽവച്ച് നായ ആക്രമിച്ചത്. തുടർന്ന് സലിമിനെ ആക്രമിച്ചു. പകൽ ഒന്നോടെ ഷാജിക്കും കടിയേറ്റു. നസീറിനും ഷാജിക്കും മുഖത്താണ് കടിയേറ്റത്. സലീമിന്റെ വയറിനാണ് കടിയേറ്റത്. നാട്ടുകാർ നായയെ കൊന്നു. സലിം അടൂർ ഗവ. താലൂക്ക് ആശുപത്രിയിലും നസീറും ഷാജിയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീലകുളങ്ങര മലമേൽഭാഗം സിറിൽഭവനത്തിൽ ദേവകി അമ്മയെ (85) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ നടന്ന് പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കൈക്കും കാലിനുമാണ് പരിക്കേറ്റത്. കരീലകുളങ്ങരയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം വളരെ രൂക്ഷമാണ്. ഇവിടെ കാൽനടയാത്രക്കാർ പൊതുനിരത്തിലൂടെ സഞ്ചരിക്കുന്നത് വളരെ ഭയത്തോടെയാണ്.









0 comments